ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നും ധോണി പോയതിന് ശേഷം അദ്ദേഹത്തിന് പകരം നിക്കാവുന്ന ഒരാള്‍ ഇതുവരെ എത്തിയിട്ടില്ല. യുവതാരം ഋഷഭ് പന്തിന്റെ പേരായിരുന്നു ആ സ്ഥാനത്ത് ഉയര്‍ന്ന് കണ്ടത്. ഫോം ഔട്ടാകുമ്പോഴും പന്തിനെ വിരാട് കോലിയോളം പിന്തുണച്ചവര്‍ വേറെയുണ്ടാകുമോ എന്നകാര്യവും സംശയമാണ്. എന്നാല്‍ ഈ നിലപാടില്‍നിന്നും കോഹ്ലി പിന്നോക്കം പോകുകയാണോ.. എന്നതാണ് ഇപ്പോള്‍ പലര്‍ക്കും സംശയം തോന്നുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്ന ചില നീക്കങ്ങള്‍ക്കാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര സാക്ഷ്യം വഹിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാറ്റ് കമിന്‍സിന്റെ പന്ത് ഹെല്‍മറ്റില്‍ പതിച്ച് ഋഷഭ് പന്ത് പുറത്തുപോയിരുന്നു. പന്തിനു പകരം ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പറായത് ലോകേഷ് രാഹുലാണ്. ആഭ്യന്തര മത്സരങ്ങളില്‍ കര്‍ണാടകയ്ക്കായും ഐപിഎല്ലില്‍ നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായും വിക്കറ്റ് കീപ്പറാകുന്നതിന്റെ പരിചയ സമ്പത്താണ് രാഹുലിനെ ദൗത്യമേല്‍പ്പിക്കാന്‍ കാരണം.
ഈ നീക്കം തൊട്ടടുത്ത മത്സരത്തില്‍ വമ്പന്‍ ഹിറ്റായതോടെയാണ് കോലിയുടെ മനസ്സു മാറിയത്. ഐസിസിയുടെ സ്റ്റാന്‍ഡേര്‍ഡ് കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം കണ്‍കഷന്‍ സംഭവിക്കുന്ന താരങ്ങള്‍ ചട്ടമനുസരിച്ചുള്ള പരിശോധനകളിലൂടെ വീണ്ടും കായിക ക്ഷമത തെളിയിച്ചെങ്കില്‍ മാത്രമേ വീണ്ടും ടീമിലേക്കു പരിഗണിക്കാനാകൂ. ഇതനുസരിച്ച് പന്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വിശദ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നതിനാല്‍ രണ്ടാം ഏകദിനത്തിലും വിക്കറ്റ് കീപ്പറിന്റെ ചുമതല ലഭിച്ചത് രാഹുലിന്. ഈ അവസരം രാഹുല്‍ മുതലെടുക്കുന്ന കാഴ്ചയാണ് രാജ്‌കോട്ടിലും പിന്നെ ബെംഗളൂരുവിലും കണ്ടത്.
പന്തിന്റെ പകരക്കാരനായതോടെ രാജ്‌കോട്ടില്‍ അഞ്ചാം നമ്പറിലേക്കു ബാറ്റിങ് മാറ്റേണ്ടിവന്ന രാഹുല്‍ അവിടെ ക്ലിക്കായി. വിക്കറ്റിനു പിന്നില്‍ സ്ഥിരം പഴി കേള്‍ക്കുന്ന പന്തിനേക്കാള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രാഹുല്‍, വിക്കറ്റിനു മുന്നില്‍ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ കരുത്തുകാട്ടി. രാജ്‌കോട്ടില്‍ 52 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 80 റണ്‍സടിച്ച രാഹുല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോറിങ്ങിന് ഗതിവേഗം പകര്‍ന്നു. വിക്കറ്റിനു പിന്നില്‍ രണ്ടു ക്യാച്ചും ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി. കളിയിലെ കേമനായതും രാഹുല്‍ തന്നെ.
ആദ്യ മത്സരത്തില്‍ രാഹുലിനെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സ്വയം നാലാം നമ്പറിലേക്കു മാറുകയും ശ്രേയസ് അയ്യരെ അഞ്ചാം നമ്പറിലേക്കു മാറ്റുകയും ചെയ്ത കോലിക്കും ടീം സിലക്ഷന്റെ കാര്യത്തില്‍ പന്തിന്റെ പരുക്ക് ഒരുതരത്തില്‍ ‘അനുഗ്രഹ’മായെന്നു വേണം പറയാന്‍. രാഹുല്‍ പന്തിന്റെ സ്ഥാനത്തേക്കു മാറിയതോടെ കോലി വീണ്ടും മൂന്നാം നമ്പറിലേക്കു കയറി. ശ്രേയസ് അയ്യര്‍ നാലാമനുമായി. മാത്രമല്ല, സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മനീഷ് പാണ്ഡെയെക്കൂടി ഉള്‍പ്പെടുത്തി ടീം ശക്തിപ്പെടുത്താനുമായി.
ആദ്യ മത്സരത്തിലെ നാണംകെട്ട തോല്‍വിയില്‍നിന്ന് പാഠം പഠിച്ച കോലിക്ക് രാജ്‌കോട്ടിലെ പുതിയ വിജയ ഫോര്‍മുല ബോധിച്ചുവെന്നത് അടുത്ത മത്സരത്തില്‍ വ്യക്തമായി. പന്ത് കായികക്ഷമത തെളിയിച്ച് തിരിച്ചെത്തിയെങ്കിലും മൂന്നാം ഏകദിനത്തിലേക്കു പരിഗണിച്ചു പോലുമില്ല..! പന്ത് കളിക്കാന്‍ സജ്ജനായിരുന്നുവെന്ന കാര്യം ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, രാജ്‌കോട്ടിലെയും ബംഗളൂരുവിലെയും വിജയ ഫോര്‍മുല പൊളിക്കാന്‍ താല്‍പര്യമില്ലെന്ന് മത്സര ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കോലി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. 2003 ലോകകപ്പില്‍ അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞതിനോടാണ് ലോകേഷ് രാഹുലിന്റെ പുതിയ ദൗത്യത്തെ കോലി താരതമ്യം ചെയ്തത്.
Leave a Comment