രോഹിത്തിന് സെഞ്ച്വറി; കോഹ്ലിക്ക് ഫിഫ്റ്റി; ഇന്ത്യ കുതിക്കുന്നു

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 110 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സും സഹിതമാണ് രോഹിത്തിന്റെ 29ാം ഏകദിന സെഞ്ച്വറി. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം രോഹിത് സെഞ്ച്വറി കൂട്ടുകെട്ടും തീര്‍ത്തതോടെ 36 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 119 റണ്‍സോടെയും വിരാട് കോലി 52 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത രണ്ടാം വിക്കറ്റില്‍ കോലി രോഹിത് സഖ്യം 137 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏകദിനത്തില്‍ കോലി രോഹിത് സഖ്യത്തിന്റെ 18ാം സെഞ്ചുറി കൂട്ടുകെട്ടാണിത്. മുന്നില്‍ സച്ചിന്‍ ഗാംഗുലി (26), തിലകരത്‌നെ ദില്‍ഷന്‍ കുമാര്‍ സംഗക്കാര (20) സഖ്യങ്ങള്‍ മാത്രം. 17 ഓവറും ഒന്‍പതു വിക്കറ്റും ശേഷിക്കെ ഇന്ത്യയ്ക്കു വിജയത്തിലേക്ക് 108 റണ്‍സ് കൂടി വേണം.

തുടര്‍ച്ചയായ രണ്ടാം വിക്കറ്റിലാണ് ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിന്നിടുന്നത്. നേരത്തെ, 56 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതമാണ് രോഹിത്തിന്റെ 44ാം ഏകദിന അര്‍ധസെഞ്ചുറി. പരമ്പയില്‍ ആദ്യമായാണ് രോഹിത് അര്‍ധസെഞ്ചുറി പിന്നിടുന്നത്. ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ശിഖര്‍ ധവാനു പകരം ഓപ്പണറായെത്തിയ ലോകേഷ് രാഹുലാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 27 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 19 റണ്‍സെടുത്ത രാഹുലിനെ ആഷ്ടണ്‍ ആഗര്‍ എല്‍ബിയില്‍ കുരുക്കി. അംപയര്‍ ഔട്ട് നിരസിച്ചെങ്കിലും ഡിആര്‍എസ് ആവശ്യപ്പെട്ട് ഓസീസ് വിക്കറ്റ് ‘പിടിച്ചെടുക്കുകയായിരുന്നു’. ഒന്നാം വിക്കറ്റില്‍ രോഹിത് രാഹുല്‍ സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ന് രണ്ടു റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ 9,000 റണ്‍സ് പിന്നിട്ടു. 217 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന രോഹിത് ഇക്കാര്യത്തില്‍ വിരാട് കോലി (194), എ.ബി. ഡിവില്ലിയേഴ്‌സ് (208) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതെത്തി. 228 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയെയാണ് രോഹിത് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239) എന്നിവരും പിന്നിലായി.

രോഹിത്തിനു പിന്നാലെ വിരാട് കോലി ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5,000 റണ്‍സും പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് പിന്നിടുന്ന ക്യാപ്റ്റനും കോലി തന്നെ. 82 ഇന്നിങ്‌സുകളില്‍നിന്ന് ക്യാപ്റ്റന്‍ കോലി 5,000 റണ്‍സ് പിന്നിട്ടത്. പിന്നിലാക്കിയത് മുന്‍ഗാമി എം.എസ്. ധോണിയെ (127 ഇന്നിങ്‌സ്). റിക്കി പോണ്ടിങ് (131), ഗ്രെയിം സ്മിത്ത് (135), സൗരവ് ഗാംഗുലി (136) എന്നിവരെല്ലാം പിന്നിലായി.

നേരത്തെ, എട്ടാം ഏകദിന സെഞ്ചുറിക്കു ശേഷം കൃത്യം മൂന്നു വര്‍ഷത്തെ ഇടവേളയില്‍ ഒന്‍പതാം സെഞ്ചുറി കണ്ടെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ ഓസീസ് 287 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇക്കുറി തിരഞ്ഞെടുത്തത് ബാറ്റിങ്. നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 286 റണ്‍സെടുത്തത്. സ്മിത്ത് 132 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതം 131 റണ്‍സോടെ ഓസീസിന്റെ ടോപ് സ്‌കോററായി. കന്നി ഏകദിന അര്‍ധസെഞ്ചുറി കുറിച്ച മാര്‍നസ് ലബുഷെയ്ന്‍ 64 പന്തില്‍ അഞ്ചു ഫോറുകളോടെ 54 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന തോന്നിച്ച ഓസീസിനെ അവസാന ഓവറുകളിലെ മുറുക്കമാര്‍ന്ന ബോളിങ്ങിലൂടെയാണ് ഇന്ത്യ തളച്ചത്. വെറും 51 റണ്‍സിനിടെയാണ് ഓസീസിന് അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7