ഗാംഗുലിയെയും പിന്നിലാക്കി രോഹിത്; മുന്നില്‍ കോഹ്ലിയും ഡിവില്ലിയേഴ്‌സും

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (51), വിരാട് കോഹ്ലി (6) എന്നിവര്‍ ക്രീസില്‍. 19 റണ്‍സെടുത്ത കെ.എല്‍. രാഹുലാണ് പുറത്തായത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണു തോളിനു പരുക്കേറ്റ ശിഖര്‍ ധവാനു പകരമാണ് ഇന്ന് രാഹുല്‍ ഓപ്പണറുടെ വേഷത്തിലെത്തിയത്. ധവാന് കളത്തിലിറങ്ങാനാകുമോ എന്ന കാര്യം വ്യക്തമല്ല.

ഇതിനിടെ ഇന്ന് രണ്ടു റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ 9000 റണ്‍സ് പിന്നിട്ടു. 217 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന രോഹിത് ഇക്കാര്യത്തില്‍ വിരാട് കോലി (194), എ.ബി. ഡിവില്ലിയേഴ്‌സ് (208) എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതെത്തി. 228 ഇന്നിങ്‌സുകളില്‍നിന്ന് 9000 കടന്ന മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയെയാണ് രോഹിത് നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239) എന്നിവരും പിന്നിലായി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.

എട്ടാം ഏകദിന സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസീസ് 286 റണ്‍സിലെത്തിയത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. രാജ്കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ രണ്ടു റണ്‍സകലെ നഷ്ടമായ സെഞ്ചുറി സ്മിത്ത് ബെംഗളൂരു ചിന്നസ്വാമിയില്‍ സ്വന്തമാക്കുകയായിരുന്നു.

സ്മിത്തിനു ശേഷം 54 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്നാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത് മാര്‍നസ് ലബുഷെയ്നുമൊത്ത് 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഏകദിനത്തില്‍ ലബുഷെയ്നിന്റെ ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികച്ച ഒരു ക്യാച്ചിലാണ് ലബുഷെയ്ന്‍ പുറത്തായത്.

അലക്സ് കാരി (35), ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാര്‍ക്ക് (0), ആഷ്ടണ്‍ ടേണര്‍ (4), പാറ്റ് കമ്മിന്‍സ് (0), ആദം സാംപ (1) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഷമിക്ക് ഇതോടെ 200 വിക്കറ്റുകളായി. 10 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ബുംറ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മികച്ച എക്കണോമി റേറ്റ് കാത്തു.

ഈ മത്സരം ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കും രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്കുമായിരുന്നു വിജയം.

Similar Articles

Comments

Advertismentspot_img

Most Popular