ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. പശുക്കള്‍ പാലുല്‍പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് വരുമാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിലെ വൈസ് ചാന്‍സിലര്‍മാരുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പാലുല്‍പാദനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്നമാണ്. ചാണകത്തില്‍നിന്നും മൂത്രത്തില്‍നിന്നും വരുമാനം നേടാമെന്ന സ്ഥിതിയുണ്ടായാല്‍ കര്‍ഷകര്‍ പശുക്കളെ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാവില്ല. പാല്‍, ചാണകം, മൂത്രം എന്നിവയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഒരുപാട് സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണംചെയ്യും, അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി, റാംമനോഹര്‍ ലോഹ്യ, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പിന്തുടരുന്ന ആളാണ് താനെന്നും മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ജനങ്ങള്‍ ഭഗവത്ഗീത, രാമായണം, ഖുറാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുപോലെ താന്‍ ഈ നേതാക്കളുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടതായും അദ്ദേഹം പറഞ്ഞു.