ന്യൂഡല്‍ഹി: ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
പ്രതിവര്‍ഷം 2.4 ലക്ഷംവരെ വീട്ടുവാടക നല്‍കുന്നവരെയും നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയര്‍ത്തിയതോടെ മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്. ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വന്‍ ബജറ്റ് വിഹിതം മാറ്റിവെച്ച് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്.
പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി മെഗാ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം 3000 രൂപ വരെ പെന്‍ഷന്‍ കിട്ടുന്ന പദ്ധതിയാണിത്. 15000 രൂപ വരെ മാസവരുമാനമുള്ളവര്‍ക്കു ഗുണം ലഭിക്കും. നടപ്പുസാമ്പത്തിക വര്‍ഷം തന്നെ ഇതു പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 രൂപയാണു വിഹിതമായി അടയ്‌ക്കേണ്ടത്. ഇത്രയും തുക തന്നെ കേന്ദ്രസര്‍ക്കാരും നിക്ഷേപിക്കുമെന്നു ധനമന്ത്രി പറഞ്ഞു. ഇഎസ്‌ഐ പരിധി 21,000 രൂപയായി ഉയര്‍ത്തി.
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ അക്കൗണ്ടില്‍ നേരിട്ടു നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. 12 കോടി കര്‍ഷകകുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.
സുസ്ഥിര, അഴിമതി രഹിത ഭരണം കാഴ്ചവയ്ക്കാന്‍ മോദി സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആത്മവിശ്വാസം തിരിച്ചു നല്‍കി. ധനകമ്മി പകുതിയാക്കി കുറച്ചുവെന്നും മന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 239 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലൂടെ വളര്‍ച്ചാനിരക്ക് ഉയര്‍ത്തി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു. 2018 ഡിസംബറില്‍ നാണ്യപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. മൂന്നു ലക്ഷം കോടി രൂപയോളം ഇത്തരത്തില്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരെയും വെറുതെവിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു ലക്ഷം അധിക സീറ്റുകള്‍ ഉറപ്പാക്കും. പാവപ്പെട്ട എല്ലാവര്‍ക്കും എല്ലാ അവകാശങ്ങളും ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ നയമെന്നു മന്ത്രി പറഞ്ഞു.
രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പീയുഷ് ഗോയല്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ പാര്‍ലമെന്റിലെത്തി. തുടര്‍ന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ബജറ്റ് ജനപ്രിയമാകാനാണു സാധ്യത. സമഗ്ര കാര്‍ഷിക പാക്കേജും വന്നേക്കും.
ഇന്നലെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലെ പ്രസംഗത്തില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ ശാശ്വത നടപടിയെടുക്കുമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ആദായനികുതിയിളവിന്റെ അടിസ്ഥാന പരിധി കുറഞ്ഞതു 3 ലക്ഷമാക്കുമെന്നും നോട്ട് റദ്ദാക്കലും ജിഎസ്ടിയും കാരണം തകര്‍ന്ന ചെറുകിട വ്യവസായ മേഖലയ്ക്കും ഭവനനിര്‍മാണ മേഖലയ്ക്കും ആനുകൂല്യങ്ങളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.