രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ കുമരകത്ത്

ബേര്‍ഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ആഭ്യമുഖ്യത്തില്‍ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേര്‍ന്നുള്ള ലോകത്തിലെ തന്നെ അപൂര്‍വ ചലച്ചിത്രമേളയായ രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 2020 ജനുവരി 24,25,26 തീയതികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കുമരകത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. 24 ന് രാവിലെ പത്തു മുതല്‍ 11 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും, ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തയ്യാറാക്കിയ രണ്ടു വേദികളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ച് ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡന്‍ എലിഫന്റ് പ്രകൃതി പുരസ്‌കാരം സാലുമരാഡ തിമ്മക്കയ്ക്ക് സമ്മേളനത്തില്‍ സമ്മാനിക്കും. ഇത് കൂടാതെ മേളയിലെ മികച്ച ചിത്രത്തിന് ക്രിസ്റ്റല്‍ എലിഫന്റും , മികച്ച ഹ്രസ്വ ചിത്രത്തിന് ക്രിസ്റ്റല്‍ ഔള്‍ പുരസ്‌കാരവും സമ്മാനിക്കും. ക്രിസ്റ്റല്‍ ഹോണ്‍ബില്‍ ( മികച്ച ഡോക്യുമെന്ററി) , ഗോള്‍ഡണ്‍ ഔള്‍ ( മികച്ച ഫിക്ഷന്‍ ഷോട്ട് ഫിലിം (യൂത്ത് ) ) , ഗോള്‍ഡണ്‍ ഹോണ്‍ബില്‍ ( മികച്ച ഷോട്ട് ഡോക്യുമെന്ററി (യൂത്ത്) ) , സില്‍വര്‍ ഔള്‍ (കുട്ടികളുടെ വിഭാഗത്തിലെ മികച്ച ഷോട്ട് ഫിക്ഷന്‍) സില്‍വര്‍ ഹോണ്‍ബില്‍ (കുട്ടികളുടെ വിഭാഗത്തിലെ മികച്ച ഷോട്ട് ഡോക്യുമെന്ററി) പുരസ്‌കാരങ്ങളും മേളയില്‍ സമ്മാനിക്കും.
മേളയില്‍ 11 മണി മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. 1.30 മുതല്‍ രണ്ടു വരെ പ്രതിനിധികള്‍ക്ക് ചലച്ചിത്ര പ്രതിഭകളുമായി സംവദിക്കാന്‍ അവസരം ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ കായലോരത്തെ തുറന്ന വേദിയില്‍ പ്രത്യേക സിനിമാ പ്രദര്‍ശനവും കലാപരിപാടികളും ഉണ്ടാകും. അതിഥികള്‍ക്കും പ്രതിനിധികളായ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ദിവസവും രാവിലെ ആമ്പല്‍ വസന്തം , കുമരകം പക്ഷി സങ്കേതം , വേമ്പനാട്ട് കായല്‍ എന്നിവിടങ്ങള്‍ ബോട്ടില്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
മൂന്നു വിഭാഗങ്ങളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തിലും, സ്‌കൂള്‍ ആന്‍ഡ് കോളേജ് സിനിമാ മത്സര വിഭാഗത്തിനും പുറമേ റിട്രോസ്പെക്ടീവ് വിഭാഗവുമുണ്ട്. റിട്രോസ്പെക്ടീവ് വിഭാഗത്തിലാണ് ഇന്ത്യയിലെ പ്രശസ്ത വന്യജീവി ചലച്ചിത്രകാരന്‍ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തില്‍ ഓസ്ട്രേലിയ, സ്വീഡന്‍, യു.എസ്.എ , കാനഡ, ഫ്രാന്‍സ്, ഇസ്രയേല്‍, നോര്‍വേ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 12 ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുക. ടര്‍ക്കി , യു.എസ്.എ, ഇന്ത്യ, സഖാ റിപബ്ലിക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചു കഥാചിത്രങ്ങളും, കാനഡ, ഫ്രാന്‍സ്, ലബനന്‍, കമ്പോഡിയ, പെറു, യു.എസ്.എ , പാക്കിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 12 ഷോട്ട് ഫിലിമുകളും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. സുബ്ബയ്യ നല്ലമുത്തുവിന്റെ ആറ് ഡോക്യുമെന്ററികളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഫിലിം പാക്കേജുകളുടെ ഭാഗമായി 20 ചിത്രങ്ങളും, ചൈനയിലെ ബീജിംങ് ഫിലിം അക്കാദമി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നാല് ചിത്രങ്ങളും, മലയാളികളായ വിവിധ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 21 ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മികച്ച സിനിമയ്ക്കും ഷോട്ട്ഫിലിമുകള്‍ക്കും പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 26 ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍ സംവിധായകന്‍ ജയരാജ്, വി.എന്‍ വാസവന്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, ബിസിഐ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.അഭിലാഷ്, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അവാര്‍ഡിന് അര്‍ഹമായ സിനിമകളെ തിരഞ്ഞെടുക്കുന്നതിനായി മറാത്തി സംവിധായിക സുമിത്ര ഭാവേ, ചൈനീസ് സംവിധായകന്‍ പാബ്ലോ റെന്‍ ബാവോലൂ, സ്പെയിനില്‍ നിന്നുള്ള ക്വാസി അബ്ദുര്‍ റഹിം, ഷൈനി ബെഞ്ചമിന്‍ എന്നിവര്‍ അടക്കങ്ങുന്ന ജൂറിയും രൂപീകരിച്ചിട്ടുണ്ട്. ബേര്‍ഡ്സ് ക്ലബ് ഇന്‍ര്‍നാഷണല്‍, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാമത് റെയിന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. മാക്ടയും, സംസ്ഥാന ടൂറിസം വകുപ്പും , ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രവും, കോട്ടയം പ്രസ് ക്ലബിന്റെ നേച്ചര്‍ ക്ലബും, കാനറാ ബാങ്കും
ജെ.സി.ഐ സോണ്‍ 22 ഉം, കോട്ടയം സി.എം.എസ് കോളേജും ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
ബേര്‍ഡ്സ് ക്ലബ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ കൂടിയായ സംവിധായകന്‍ ജയരാജാണ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടര്‍. ഫെസ്റ്റിവലിന്റെ രക്ഷാധികാരികളായി സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ റീന മാത്യു, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ.ജയലക്ഷ്മി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഇന്ദു ബി.നായര്‍ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ ചെയര്‍മാനും, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ കണ്‍വീനറുമാണ്.
മറ്റു ഭാരവാഹികളായി ധന്യാ സാബു(പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ), കെ. എം. ബാബു (ബ്ലോക്ക് പഞ്ചായത്ത് അംഗം, ഏറ്റുമാനൂര്‍ ), ഹണി ഗോപാല്‍ (ഹൌസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ), ഡേവിഡ് സാമുവല്‍ (ഹൌസ് ബോട്ട് ഔനേഴ്‌സ് അസോസിയേഷന്‍ ), എ. പി. ഗോപി (വാര്‍ഡ് മെമ്പര്‍ ), ഇന്ദിരാ ഭായ് (ഡി. ടി. പി. സി ) (വൈസ് ചെയര്‍മാന്‍), കെ. കേശവന്‍ (ഡി. ടി. പി. സി അംഗം ), ഡി. ജി. പ്രകാശന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സുബ്ബയ്യ നല്ലമുത്തൂ

ഇന്ത്യയിലെ പ്രസിദ്ധനായ വൈൽഡ് ലൈഫ് ഫിലിംമേക്കർമാരിൽ ഒരാളാണ് നല്ലമുത്തു. കടുവകളുടെ ജീവിത രീതികൾ അടക്കം കൃത്യമായി പഠിച്ച് ഇവ ഡോക്യുമെന്ററിയാക്കി മാറ്റുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. നാഷണൽ ജിയോഗ്രാഫി, ബിബിസി, ഡിസ്‌കവറി, ചാനലൽ ഫോർ, ആനിമൽ പ്ലാനറ്റ് സ്റ്റാർ ടിവി, ദൂരദർശൻ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള ആറു ഡോക്യുമെന്ററികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ഫിലിം സൊസൈറ്റി

കേരളത്തിലെ തന്നെ ആദ്യ കാല ഫിലിം സൊസൈറ്റിയായ കോട്ടയം ഫിലിം സൊസൈറ്റി ഇപ്പോൾ പുനരുജ്ജീവനത്തിന്റെ പാതയിലാണ്. സംവിധായകൻ അരവിന്ദനാണ് ഫിലിം സൊസൈറ്റിയ്ക്ക് തുടക്കമിട്ടത്. 1959 മുതൽ 1963 വരെ ഫിലിം സൊസൈറ്റി കൃത്യമായി ചലച്ചിത്ര പ്രദർശനങ്ങൾ അടക്കം സംഘടിപ്പിച്ചിരുന്നു.
പ്രശസ്ത സംവിധായകൻ സത്യജിത്ത് റേ അടക്കമുള്ളവർ പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നതാണ് ചരിത്രം.

Similar Articles

Comments

Advertismentspot_img

Most Popular