4 കിലോമീറ്റർ, 20 ടൺ ഭാരം! ഗിന്നസ് നേടാൻ കേരളത്തിൽ ഭീമൻ കേക്ക് ഒരുങ്ങുന്നു

ഹാപ്പി ഡേയ്സ് നിശാമേളയുടെ സമാപനത്തോടനുബന്ധിച്ച് ഒരുക്കുന്നത് ഗിന്നസ് ബുക്കിൽ ഇടം നേടാൻ വലിപ്പത്തിലുള്ള കേക്ക്. 15നാണ് റോ‍ഡിൽ 4 കിലോമീറ്റർ നീളത്തിൽ കേക്ക് നിർമിക്കുക. ഓൾ കേരള ബേക്കറി ഓണേഴ്സ് അസോസിയേഷൻ അംഗങ്ങളാണ് കേക്ക് നിർമാണം ഏറ്റെടുത്തിരിക്കുന്നത്. എവിടെയാണ് നിർമിക്കുക എന്നു തീരുമാനമായിട്ടില്ല. തൃശൂർ ടൗണിൽ തന്നെ വേണം എന്നാണു നിശ്ചയിച്ചിട്ടുള്ളത്. 20 ടൺ ഭാരം വരും എന്നാണു കണക്കാക്കുന്നത്.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 160 ബേക്കറികളുടെ പങ്കാളിത്തത്തിലാണ് കേക്ക് ഒരുക്കുക. 400 പേർ ഇതിനായി തൃശൂരിലെത്തും. റോഡിൽ വച്ചു നിർമിക്കുന്നതിനാൽ കേക്ക് തിന്നാൻ പറ്റില്ലെന്നും കാഴ്ചക്കാർ കേക്ക് കണ്ടു മടങ്ങുകയാണ് അഭികാമ്യമെന്നും മേയർ അജിത വിജയൻ, ഹാപ്പി ഡേയ്സ് ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ, ചേംബർ സെക്രട്ടറി എം.ആർ.ഫ്രാൻസിസ്, ട്രഷറർ ടി.എ.ശ്രീകാന്ത് എന്നിവർ പറഞ്ഞു.
ഹാപ്പി ഡേയ്സ് നിശാമേള നഗരത്തിന്റെ വ്യാപാര മേഖലയ്ക്കാകെ ഉണർവു നൽകിയെന്നും എല്ലാ വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം കൂടിയിട്ടുണ്ടെന്നും ചേംബർ പ്രതിനിധികൾ പറഞ്ഞു. വ‍ഞ്ചിക്കുളത്തു കുടുംബശ്രീയുടെ സ്റ്റാളുകൾ കൂടി വരുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ ഇവിടേക്കും തിരക്കു വ്യാപിക്കുമെന്നാണു കണക്കുകൂട്ടൽ.

തേക്കിൻകാട് മൈതാനിയിൽ ഒരു വേദി കലാപരിപാടികൾക്കു വിട്ടുതരാൻ ദേവസ്വം ബോർഡിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇത് അനുവദിക്കുന്ന പക്ഷം കലാസ്വാദകർക്കായി കൂടുതൽ വിഭവങ്ങൾ വിളമ്പാനാവും എന്നാണ് പ്രതീക്ഷ. 11നും 12നും അരണാട്ടുകരയിൽ നടക്കുന്ന രാജ്യാന്തര മോട്ടർ ക്രോസ് ബൈക്ക് റേസ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമെന്നും 9000 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് ഒരുക്കുന്നതെന്നും സംഘാടകർ‌ അവകാശപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular