ന്യൂ ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ കേരളത്തിന്റെ നിശ്ചല ദൃശൃത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിനൊപ്പം മഹാരാഷ്ട്രയുടെയും പശ്ചിമ ബംഗാളിന്റെയും നിശ്ചല ദൃശ്യ നിർദേശങ്ങളും തള്ളി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്. കേരളത്തിന് ബിജെപി അധികാരത്തിലെത്തിയ ശേഷം 2018ൽ മാത്രമേ പരേഡിൽ ടാബ്ലോ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രനിലപാടിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളാണ് കേരളവും പശ്ചിമ ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപിക്ക് തലനാരിഴക്കാണ് ശിവസേനാ സഖ്യ സർക്കാർ രൂപീകരണ സാധ്യത നഷ്ടമായത്.
സംസ്ഥാനം സമർപ്പിച്ച ‘തുഴവഞ്ചിയും തോണിയും’ എന്ന നിശ്ചല ദൃശ്യ ആശയം കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളി. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരുന്നു നിർദേശിച്ച ദൃശ്യം. ബംഗാളി കലാകാരനായ ബാപ്പ ചക്രവർത്തിയാണ് കേരളത്തിന്റെ ടാബ്ലോ ശിൽപ്പി. അഞ്ച് ഘട്ട പരിശോധനയുടെ മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്.
എന്നാൽ രാജ്യത്തിന്റെ അഭിമാനമായ റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ചത് മാത്രമേ തെരഞ്ഞെടുക്കൂവെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും ജൂറി അംഗമായ ജയപ്രദാ മേനോൻ പ്രതികരിച്ചു.