ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ് മാത്രമാണ്.
സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെത്തിയപ്പോഴേക്ക് കെ.എല്‍ രാഹുല്‍ പുറത്തായി. രോഹിതിനും അധികം ആയുസണ്ടായിരുന്നില്ല. ഇതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി.
രണ്ടാം വിക്കറ്റ് വീണതിനുശേഷമെത്തിയ യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ക്കുകയായിരുന്നു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്. ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതിറങ്ങിയ ദ്യൂബ നിരാശപ്പെടുത്തിയില്ല. അന്താരാഷ്ട്ര ട്വന്റി-20യില്‍ ദ്യൂബയുടെ ആദ്യ അര്‍ധ സെഞ്ചുറി തിരുവനന്തപുരത്ത് പിറന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയോടൊപ്പം ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. എന്നാല്‍ ഫിഫ്റ്റിക്ക് പിന്നാലെ ദ്യൂബയെ വാല്‍ഷ് പുറത്താക്കി. ഹെറ്റ്‌മെയര്‍ക്കാണ് ക്യാച്ച്.
ടീം സ്‌കോര്‍ 120ല്‍ നില്‍ക്കെയാണ് കോലി പുറത്തായത്. 17 പന്തില്‍ 19 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്ക് ശ്രേയസ് അയ്യരും ക്രീസ് വിട്ടു. 11 പന്തില്‍ നേടിയത് 10 റണ്‍സ്. രവീന്ദ്ര ജഡേജയും പ്രതീക്ഷ കാത്തില്ല. 11 പന്തില്‍ ഒമ്പത് റണ്‍സുമായി വില്ല്യംസിന്റെ പന്തില്‍ ബൗള്‍ഡ്. തൊട്ടുപിന്നാലെ വാഷിങ്ടണ്‍ സുന്ദറും മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ഒരു റണ്ണോടെ ദീപക് ചാഹറും 22 പന്തില്‍ 33 റണ്‍സുമായി ഋഷഭ് പന്തും പുറത്താകാതെ നിന്നു. വിന്‍ഡീസിനായി വില്ല്യംസും വാല്‍ഷും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ആദ്യ ട്വന്റി-20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. ഈ ട്വന്റി-20യില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.