മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിന്റെ ആയുസ്സ് ഞായറാഴ്ച രാവിലെ അറിയാം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് മൂന്ന് പാര്‍ട്ടികളും ഉന്നയിച്ചത്. എന്നാല്‍ ഞായറാഴ്ച രാവിലെ മാത്രമെ പരിഗണിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി അടക്കം ചോദ്യംചതെയ്താണ് മൂന്ന് പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 11.30 ന് ഹര്‍ജി പരിഗണിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പ്രതികരിച്ചു. സുപ്രീം കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പ്രതികരിച്ചു. ബിജെപിയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ കര്‍ണാടകയില്‍ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ രാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. പുലര്‍ച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാവും കോണ്‍ഗ്രസിനുവേണ്ടി ഹാജരാവുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7