ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മെസേജിങ് ആപ്പ് ആയ വാട്സാപ്പിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സ്ഥിരീകരണം. പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് പിന്നാലെ ഇപ്പോഴിതാ പുതിയൊരു സുരക്ഷാ ഭീഷണി വാട്സാപ്പ് പുറത്തു വിട്ടിരിക്കുന്നു. പെഗാസസ് സ്പൈവെയര്‍ ഫോണുകളില്‍ കയറിക്കൂടുന്നത് വാട്സാപ്പ് വീഡിയോകോള്‍ സംവിധാനത്തിന്റെ പഴുത് മുതലെടുത്താണെങ്കില്‍ വാട്സാപ്പ് വഴി അയക്കുന്ന വീഡിയോ ഫയലുകള്‍ വഴി ഫോണില്‍ മാല്‍വെയറുകള്‍ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. എംപി 4 ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ വഴിയാണ് ഹാക്കര്‍മാര്‍ അത് ചെയ്യുന്നത്.
വാട്സാപ്പിന്റെ 2.19.274 ന് മുമ്പുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളിലും, 2.19.100 പതിപ്പിന് മുമ്പുള്ള ഐഓഎസ് പതിപ്പുകളിലും 2.25.3ന് മുമ്പുള്ള എന്റര്‍പ്രൈസ് ക്ലൈന്റ് പതിപ്പുകളിലും വിന്‍ഡോസ് ഫോണുകളിലെ 2.18.368 പതിപ്പിലും അതിന് മുമ്പുള്ള പതിപ്പുകളിലും, ആന്‍ഡ്രോയിഡ് ബിസിനസ് വേര്‍ഷന്‍ 2.19.104 ന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് ബിസിനസ് വേര്‍ഷന്‍ 2.19.100 ന് മുമ്പുള്ള പതിപ്പുകളിലുമാണ് സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.
ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ വാട്സാപ്പ് ഡാറ്റ കയ്യടക്കാന്‍ സാധിക്കും. അത് ഫോണിലാണ് ശേഖരിച്ചതെങ്കില്‍ പോലും. വാട്സാപ്പ് ആപ്ലിക്കേഷന്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുകയല്ലാതെ ഇതിന് മറ്റൊരു പോംവഴിയില്ല. പലരും വാട്സാപ്പ് മീഡിയാ ഫയലുകള്‍ ഒട്ടോഡൗണ്‍ലോഡ് ഓണ്‍ ഐക്കി വെച്ചതിനാല്‍ ഹാക്കര്‍മാര്‍ക്ക് ഫോണിലെത്തുക എളുപ്പമാണ്.
ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും. മറ്റൊരിടത്തിരുന്ന ഫോണ്‍ നിയന്ത്രിക്കാനും വഴിയൊരുക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം ഈ പ്രശ്നം എങ്ങനെയാണ് കണ്ടെത്തിയത് എന്ന് വാട്സാപ്പോ ഫെയ്സ്ബുക്കോ വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയാണ് ഇസ്രായേല്‍ ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന സ്പൈ വെയര്‍ വാട്സാപ്പ് വഴി ഫോണുകളില്‍ പ്രവേശിച്ചുവെന്ന് വാട്സാപ്പ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്സാപ്പ് കേസ് നല്‍കിയിട്ടുണ്ട്. പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെ നിരീക്ഷിച്ചുവെന്നാണ് വാട്സാപ്പിന്റെ വെളിപ്പെടുത്തല്‍. നിരവധിയാളുകള്‍ ഈ സൈബര്‍ ആക്രമണത്തിന്റെ ഇരയായിട്ടുണ്ട്.