ന്യൂഡല്‍ഹി: നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും വിദേശിയിനം പശുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ ഗോപ അഷ്ടമി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂ, ദിലീപ് ഘോഷ് പറഞ്ഞു.
ബീഫ് കഴിക്കുന്ന ബുദ്ധിജീവികളെയും അദ്ദേഹം വിമര്‍ശിച്ചു. വിദ്യാസമ്പന്നരായ ചിലര്‍ റോഡരികില്‍ ഇരുന്ന് ബീഫ് കഴിക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍വെച്ച് ഏത് മാംസവും കഴിക്കാം. എന്നാല്‍ ഈ ബുദ്ധിജീവികള്‍ റോഡില്‍വെച്ചാണ് ബീഫ് കഴിക്കുന്നത്. അങ്ങനെയുള്ളവരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പട്ടിയിറച്ചിയും കഴിക്കണമെന്നാണ്. എന്തു മൃഗത്തിന്റെ മാംസം കഴിച്ചാലും നിങ്ങളുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും സംഭവിക്കില്ല, ദീലീപ് ഘോഷ് പരിഹസിച്ചു.