പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണിയുണ്ടെന്ന് കുടുംബം. കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ പുലര്‍ച്ചെ രണ്ടുപേരെത്തി വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ സഹോദരനെപറ്റി അന്വേഷിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ബൈക്കിലെത്തിയ രണ്ടുപേര്‍ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനോടാണ് അന്വേഷണം നടത്തിയത്.
പീഡനത്തെ തുടര്‍ന്ന് 2017 ജനുവരി പതിമൂന്നിന് പതിനൊന്നുവയസുള്ള മൂത്ത സഹോദരിയും മാര്‍ച്ച് നാലിന് ഒമ്പതുവയസ്സുള്ള ഇളയ സഹോദരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടികളുടെ ആത്മഹത്യ വിവാദമായതോടെ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇളയ സഹോദരനെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയാണ് അജ്ഞാതരായ രണ്ടുപേര്‍ ഇളയകുട്ടി ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചത്. അവശേഷിക്കുന്ന ഏക മകനെക്കൂടി അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ഇളയ സഹോദരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നതിന് കുറച്ച് മുമ്പ് കേസില്‍ കോടതി വെറുതെ വിട്ട പ്രതികളില്‍ ഒരാള്‍ മുഖം പൊത്തി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയകുട്ടി മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് ശേഷം വീടിന് നേരെ കല്ലേറുണ്ടായതായും കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.