ചോദ്യം ചെയ്യലില്‍ പരുങ്ങാതെ ജോളി

വടകര: രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തിയാല്‍ തനിക്ക് അതിന്റെ പേരില്‍ സ്‌കൂളില്‍ നിയമനം ലഭിക്കുമെന്ന് കരുതിയാവാം ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ഇക്കാര്യക്കള്‍ ചോദ്യം ചെയ്യില്‍ ജോളി വെളിപ്പെടുത്തിയതായും സൂചനയുണ്ട്.

പോലീസ് കസ്റ്റഡിയിലെ രണ്ടാം ദിനം കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിക്ക് നേരിടേണ്ടി വന്നത് ഐപിഎസ് ട്രെയിനികളുടെ അടക്കം ചോദ്യശരങ്ങളെയാണ്.

ഡി ജി പി ലോക് നാഥ് ബെഹ്റയുടെ അടക്കം സന്ദര്‍ശനത്തിന് ശേഷമാണ് ഉച്ചയോടെ വിവിധ ജില്ലകളില്‍ നിന്നുള്ള എ എസ് പി മാര്‍ വടകര റൂറല്‍ എസ്പി ഓഫീസിലെത്തി ജോളിയെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി യാതൊരു പരുങ്ങലുമില്ലാതെയാണ് ജോളി ചോദ്യങ്ങളോട് പ്രതികരിച്ചത്. ഉത്തര മേഖലാ ഐജി അശോക് യാദവിന്റെ നേതൃത്വത്തിലാണ് ഇത്തരം കേസുകളെ നേരിടുന്ന പരിശീലനം എന്ന നിലയ്ക്ക് ജോളിയെ ഐ.പി.എസ് ട്രെയിനികളും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ അഞ്ച് കൊലപാതകങ്ങളിലെ പങ്ക് ജോളി പോലീസിനോട് വ്യക്തമാക്കിയിരുന്നു. മാത്രമല്ല രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായും വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോളമുള്ള ചോദ്യം ചെയ്യലാണ് ഇന്നുമുണ്ടായത്. രാവിലെ പത്ത് മണിക്ക് എസ് പി ഓഫീസിലെത്തിച്ച ജോളിയെ ആറ് മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യം ചെയ്തു. കഴിഞ ദിവസം പറഞ്ഞ അതേ മൊഴിയില്‍ ജോളി ഉറച്ച് നിന്നതായും ചോദ്യം ചെയ്യല്‍ തുടരുമെന്നും പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ജോളിയും താനും തമ്മില്‍ ഭര്‍ത്താവും ഭാര്യയുമെന്ന സാങ്കേതികത്വം മാത്രമാണുണ്ടായിരുന്നതെന്നും ജോളിയുടെ നിരന്തരമുള്ള ഫോണ്‍ വിളിയടക്കം ചോദ്യം ചെയ്തതിനാല്‍ തന്നോട് ദേഷ്യമായിരുന്നുവെന്നും ഷാജു നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല തനിക്ക് ജോളിയില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular