സർക്കാരും പി.എസ്.സിയും മലയാളികളെ കബളിപ്പിക്കുന്നു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യപേപ്പര്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ശേഷം സര്‍ക്കാരും പി.എസ്.സിയും ചേര്‍ന്ന് മലയാളികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
മലയാളത്തില്‍ ചോദ്യപേപ്പറുകള്‍ നല്‍കാനുള്ള ഒരു നടപടിയും പി.എസ്.സി ഇത് വരെ ആരംഭിച്ചിട്ടില്ല. പി.എസ്.സി ഓഫീസ് പടിക്കല്‍ നടത്തിയ നിരാഹാര സമരം മലയാളികളുടെ പൊതു വികാരമായി മാറിയതിനെത്തുടര്‍ന്നാണ് പി.എസ്.സി ചെയര്‍മാനുമായി ചര്‍ച്ച ചെയ്ത ശേഷം മലയാളത്തിലും ചോദ്യപേപ്പര്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. എം.ടി.വാസുദേവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി ടീച്ചര്‍ തുടങ്ങിയവര്‍  സമരത്തിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് പത്രങ്ങള്‍ എഡിറ്റോറിയലും എഴുതി. പക്ഷേ കാര്യങ്ങള്‍ അവിടെ തീര്‍ന്നു. മലയാളത്തിലും ചോദ്യ പേപ്പര്‍ നല്‍കാനുള്ള നീക്കങ്ങളൊന്നും പി.എസ്.സിയുടെ ഭാഗത്തു നിന്ന് തുടങ്ങിട്ടില്ല. പി.എസ്.സിയും സര്‍ക്കാരും വാഗ്ദാന ലംഘനത്തിനാണ് ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. 
അതേ പോലെ പി.എസ്.സിയുടെ അഡൈ്വസ് മെമ്മോകള്‍ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തി സ്വീകരിക്കണമെന്ന തീരുമാനവും പി.എസ്.സി പിന്‍വാതില്‍ വഴി നടപ്പാക്കാന്‍ പോവുകയാണെന്നാണ് മനസിലാക്കുന്നത്. ഈ പരിഷ്‌ക്കാരം നേരത്തെ വിവാദമായതിനെത്തുടര്‍ന്ന് പി.എസ്.സി നടപ്പാക്കാതെ വച്ചിരിക്കുകയായിരുന്നു. അന്ന് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്തും നല്‍കിയിരുന്നു. ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്ന നടപടിയാണിത്. പോസ്റ്റ് വഴി അഡൈ്വസ് മെമ്മോ അയക്കുന്ന രീതിയാണ് നിലവിലുള്ളത്.  എന്നാല്‍ പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുമ്പോള്‍ വയനാട്, കാസര്‍കോട,് ഇടുക്കി തുടങ്ങിയ വിദൂര ജില്ലകള്‍ ഉള്‍പ്പടെ എല്ലാ ജില്ലകളില്‍ നിന്നുള്ള ഉദ്യോര്‍ത്ഥികളും തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിലെത്തി അഡൈ്വസ് മെമ്മോ കൈപ്പറ്റേണ്ടി വരും. ജില്ലാതല റിക്രൂട്ട്‌മെന്റുകള്‍ക്ക് അപേക്ഷിച്ചവര്‍  അതാത് ജില്ലാ ഓഫീസുകളിലെത്തണം. ജില്ല മാറി പരീക്ഷ എഴുതുന്നവര്‍ അഡൈസ് മെമ്മോ കൈപ്പറ്റുന്നതിന് ആ ജില്ലാ ആസ്ഥാനങ്ങളിലെ പി.എസ്.സി ഓഫീസുകളിലേക്ക് പോകേണ്ടി വരും. അനാവശ്യ ബുദ്ധിമുട്ടാണ് ഇത് വഴി ഉണ്ടാവുക. രാജ്യത്തെ വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിയമന ഉത്തരവ് മെയില്‍ വഴി അയക്കുന്ന ഇക്കാലത്താണ് പി.എസ്.സി പ്രാകൃത രീതിയിലേക്ക് തിരിച്ചു പോകുന്നത്. ഈ തീരുമാനം വീണ്ടും പൊടി തട്ടി എടുക്കരുതെന്നും അത് ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7