ശബരിമല ദര്‍ശനത്തിന് പുതിയ സംവിധാനം വരുന്നു

സന്നിധാനം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് പുതിയ സംവിധാനം നടപ്പാക്കും. തിരുപ്പതിയിലേതുപോലെ ഓണ്‍ലൈന്‍ ദര്‍ശനത്തിന് പുതിയ ക്രമീകരണം പോലീസിന്റെ മേല്‍നോട്ടത്തിലാണ് ഒരുക്കുന്നത്. ക്ഷേത്രദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കാനാണ് ആലോചന. പോലീസും ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്നാണിത് നടപ്പാക്കുന്നത്. ക്ഷേത്രദര്‍ശനത്തിനും വഴിപാടുകള്‍ നടത്താനും താമസ സൗകര്യത്തിനുമെല്ലാം ഇതുവഴി ബുക്ക് ചെയ്യാനാകും.

ഇതിനുള്ള പുതിയ സോഫ്റ്റ്വേര്‍ തയ്യാറാക്കുന്ന ചുമതല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയ്ക്കാണ്. വര്‍ഷങ്ങളായി തുടരുന്നതും പോലീസ് നടപ്പാക്കിയതുമായ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ അപാകമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് തിരുപ്പതി മോഡല്‍ അലോചിക്കുന്നത്.

ശബരിമല സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ ഇതേരീതി ആലോചിച്ചെങ്കിലും അപ്രായോഗികത മൂലം ഉപേക്ഷിച്ചിരുന്നു. ഡിജിറ്റൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്നാണ് പുതിയ ഓണ്‍ലൈന്‍ ദര്‍ശനരീതിയുടെ പേര്. ദര്‍ശനത്തിന് പ്രത്യേക ക്യൂ തുടരുമെന്നും ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്നവര്‍ക്കു മുന്‍ഗണന ലഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്താനുള്ള സമയം മുന്‍കൂട്ടിനല്‍കും. ഈ സമയക്രമത്തില്‍ ദര്‍ശനത്തിനും യാത്രയ്ക്കുമൊക്കെ സൗകര്യം കിട്ടത്തക്കവിധത്തില്‍ യാത്രാസൗകര്യം കെ.എസ്.ആര്‍.ടി.സി. ഒരുക്കും. ഒക്ടോബര്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7