ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമിയല്ലെന്ന് ഇമ്രാന്‍ ഖാന് പറയാനാകുമോ..? യുഎന്നില്‍ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യു.എന്‍. പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടി നല്‍കി ഇന്ത്യ. ഇമ്രാന്‍ ഖാന്റെ പ്രസ്താവന ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍.പൊതുസഭയില്‍ പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്താന് ഒരു അര്‍ഹതയുമില്ല. യു.എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അദ്ദേഹം ഒസാമ ബിന്‍ലാദന്റെ അനുയായി അല്ലെന്ന് പറയാനാകുമോ? യു.എന്‍. തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്താന്‍ ആണെന്ന് അവര്‍ ഏറ്റുപറയുമോ? – വിധിഷ മെയ്ത്ര ചോദിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ക്ക് ആരെയും ആവശ്യമില്ല, പ്രത്യേകിച്ച് തീവ്രവാദം ഒരു വ്യവസായമായി പടുത്തുയര്‍ത്തിയവരില്‍നിന്ന്. ജെന്റില്‍മാന്മാരുടെ കളിയായ ക്രിക്കറ്റില്‍ വിശ്വസിക്കുന്ന ഒരു മുന്‍ ക്രിക്കറ്റര്‍ ഇന്ന് നടത്തിയ പ്രസംഗം അപക്വമായതും അതിര്‍വരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ യു.എന്‍.പൊതുസഭയില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികള്‍ തടവിലാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ യുദ്ധം തുടങ്ങിയാല്‍ അത് ലോകത്തിന് ഗുണകരമാകില്ലെന്നും പാകിസ്താനില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം യു.എന്നിന് പരിശോധിക്കാമെന്നും പാക് പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular