പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഇനി മൂന്ന് ദിവസംകൂടി മാത്രം

മുംബൈ: പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസംകൂടി മാത്രം. സെപ്റ്റംബര്‍ 30 വരെയാണ് നിലവില്‍ ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും.

പാന്‍നമ്പര്‍ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍നമ്പര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍നമ്പര്‍ നല്‍കിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍നമ്പര്‍ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

പാന്‍നമ്പര്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദ്യമായി നിര്‍ദേശം വന്നത് 2017-ലാണ്. തുടര്‍ന്ന് പലവട്ടം തീയതി നീട്ടിനല്‍കി. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നവരാണെങ്കില്‍ മിക്കവാറും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in
എന്ന പോര്‍ട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7