പള്ളിത്തര്‍ക്കം: വെടിവയ്പ്പ് വരെ നടന്നേക്കാമെന്ന് പൊലീസ്

കൊച്ചി: സഭാത്തര്‍ക്കത്തില്‍ ബലപ്രയോഗം നടത്തിയാല്‍ വെടിവെപ്പ് വരെ നടന്നേക്കാമെന്ന് പോലീസ്. ജീവന്‍ നഷ്ടപ്പെടാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വെടിവെപ്പും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് സാധ്യമല്ലെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

കോതമംഗലം പള്ളിക്കേസില്‍ കോതമംഗലം സി.ഐ.യാണ് ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

നിലവിലെ സാഹചര്യത്തില്‍ കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണ്. പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെപ്പോ നടത്തുന്നത് സാധ്യമല്ല.നിരവധി യാക്കോബായ വിഭാഗക്കാര്‍ ഇപ്പോഴും കോടതി വിധിയെ അന്ധമായി എതിര്‍ക്കുകയാണ്. കേസില്‍ പരാജയപ്പെട്ടെന്ന കാര്യം അവര്‍ക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ഇക്കാര്യം അവരെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും അതെല്ലാം അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ വിധി നടപ്പാക്കാന്‍ കഴിയൂ എന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

പിറവം വലിയ പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പോലീസ് ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കോതമംഗലം പള്ളിക്കേസില്‍ പോലീസ് ഇത്തരമൊരു സത്യവാങ്മൂലം സമര്‍പ്പിച്ചത്. പിറവത്ത് ഓര്‍ത്തഡോക്സ് വിഭാഗം ബുധനാഴ്ച രാവിലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് അനുനയനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7