കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. ഒമ്പത് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം സിബിഐ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരേയും വെറുതെ വിട്ടത്.
ഒന്ന് മുതല്‍ ഒമ്പത് വരെ പ്രതികളായ നാലുകോടി ജങ്ഷന്‍ കുന്നേല്‍ വീട്ടില്‍ ജയചന്ദ്രന്‍, തൃക്കൊടിത്താനം ഹൗസിങ് കോളനി വീട്ടുനമ്പര്‍ 31ല്‍ സത്താര്‍, പായിപ്പാട് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ 12 കൈലാശ് വീട്ടില്‍ സുജിത്, നാലുകോടി ജങ്ഷന്‍ ചങ്ങംകുളങ്ങര വീട്ടില്‍ ആകാശ് ശശിധരന്‍, പായിപ്പാട് പഞ്ചായത്ത് വാര്‍ഡ് 13 ചേപ്പാട്ടുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍, പാടിപ്പാട്ട് നാലാം വാര്‍ഡ് നെടുമണ്ണില്‍ വീട്ടില്‍ രാജീവ് കുമാര്‍, ഇല്ലത്തുപറമ്പ് ചുള്ളിക്കല്‍ വീട്ടില്‍ ഷിനോ പോള്‍, മണ്ണഞ്ചേരി അമ്പലക്കടവ് പള്ളിക്ക് സമീപം ഫസീല മന്‍സിലില്‍ ഫൈസല്‍ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയില്ല. സിബിഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല 2009ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 13 പ്രതികളില്‍ ഒമ്പത് പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. നാലുപേരെ മൂന്നുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി ആര്‍.രഘു ശിക്ഷിച്ചത്.
2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ബൈക്കപകടം കണ്ട് അപകടമുണ്ടാക്കിയ പോള്‍ എം.ജോര്‍ജിന്റെ ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ പിന്തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. രണ്ട് കേസുകളായി അന്വേഷിച്ച് സി.ബി.ഐ. വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേകമായി വിചാരണ നടത്തുകയായിരുന്നു.
നെടുമുടി പോലീസെടുത്ത കേസില്‍ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. 2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീഷ് അടക്കമുള്ളവരെ തിരിച്ചറിഞ്ഞിരുന്നു. ഏറെ വിവാദമായ ‘എസ്’ കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത ‘എസ്’ ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ., കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീഷ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ‘എസ്’ കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ.എം.ടോണി മൊഴിനല്‍കിയത് നേരത്തെ വിവാദമായിരുന്നു.