രണ്ടാം ടെസ്റ്റ് ; വെസ്റ്റ് ഇന്‍ഡീസിന് 478ന്റെ വിജയലക്ഷ്യം

കിംഗ്സ്റ്റണ്‍: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് 478ന്റെ വിജയ ലക്ഷ്യം. 478 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് എന്ന നിലയിലാണ്. 18 റണ്‍സുമായി ബ്രാവോയും നാല് റണ്ണുമായി ബ്രൂക്‌സുമാണ് ക്രീസില്‍. ഇതോടെ രണ്ട് ദിനം ബാക്കിനില്‍ക്കേ എട്ട് വിക്കറ്റുകള്‍ കൂടെ പിഴുതാല്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം.

ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ ചെറുത്ത് നില്‍പ്പ് അനുസരിച്ചായിരിക്കും കളി ആവേശകരമാകുക. നേരത്തേ ആദ്യ ഇന്നിംഗ്‌സില്‍ 299 റണ്‍സ് ലീഡ് നേടിയ ഇന്ത്യ നാല് വിക്കറ്റിന് 168 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രഹാനെ 64ഉം ഹനുമ വിഹാരി 53ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നതാണ് ഇന്ത്യക്ക് വന്‍ ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും (6), മായങ്ക് അഗര്‍വാളും (4) തീര്‍ത്തും നിരാശപ്പെടുത്തി. പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര (27) അല്‍പ്പനേരം പിടിച്ച് നിന്നെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ നായകന്‍ വിരാട് കോലി സംപൂജ്യനായി മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു.

എന്നാല്‍ പൂജാരയും പുറത്തായ ശേഷം ഒന്നുചേര്‍ന്ന അജിന്‍ക്യ രഹാനെ- ഹനുമാന്‍ വിഹാരി സഖ്യം ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്‌സില്‍ ജോണ്‍ കാംപ്‌ബെല്‍ (16), ക്രെയ്ഗ് ബ്രാത്വെറ്റ് (3) എന്നിവരുടെ വിക്കറ്റുകളാണ് കരീബിയന്‍ പടയ്ക്ക് നഷ്ടമായത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ പങ്കിട്ടു.

നേരത്തെ, മൂന്നാം ദിനം തുടക്കത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 416നെതിരെ വിന്‍ഡീസ് 117ന് പുറത്തായിരുന്നു. 30 റണ്‍സ് മാത്രമാണ് മൂന്നാം ദിനം വിന്‍ഡീസിന് നേടാന്‍ സാധിച്ചത്. ഇതിനിടെ റഖീം കോര്‍ണ്‍വാള്‍ (14), കെമര്‍ റോച്ച് (17), ജഹ്മര്‍ ഹാമില്‍ട്ടണ്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളിംഗ് പട എറിഞ്ഞിട്ടു.

34 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റെടുത്തിരുന്നു. ബുംറയ്ക്ക് പുറമെ ഇന്ത്യക്ക് വേണ്ടി ഷമി രണ്ടും ഇശാന്ത്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular