വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ഹനുമ വിഹാരിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ മികവില്‍ ഒന്നാം ഇന്നിങ്സില്‍ 416-ന് പുറത്തായ ഇന്ത്യ, വിന്‍ഡീസിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തി. ഹാട്രിക്കടക്കം ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ 87 റണ്‍സിന് ഏഴു വിക്കറ്റെന്ന നിലയിലാണ് വിന്‍ഡീസ്.
ടെസ്റ്റ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ബുംറ. മത്സരത്തിന്റെ 14-ാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്ക് പ്രകടനം. 14-ാം ഓവറിന്റെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ (4) രാഹുലിന്റെ കൈകളിലെത്തിച്ച ബുംറ തൊട്ടടുത്ത രണ്ടു പന്തുകളില്‍ ഷമാര്‍ ബ്രൂക്ക്സിനെയും റോസ്റ്റണ്‍ ചേസിനെയും വിക്കറ്റിനു മുന്നില്‍ കുടുക്കി.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് (10), ജോണ്‍ കാംബെല്‍ (2), ജേസണ്‍ ഹോള്‍ഡര്‍ (18) എന്നിവരെയും പുറത്താക്കിയ ബുംറ വെറും 16 റണ്‍സ് വഴങ്ങിയാണ് ആറു വിക്കറ്റെടുത്തത്. ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് നേടിയിട്ടുള്ള താരങ്ങള്‍.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 416 റണ്‍സിന് അവസാനിച്ചിരുന്നു. ടെസ്റ്റ് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയ ഹനുമ വിഹാരിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സെടുത്ത വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ ഇഷാന്ത് ശര്‍മ (57) വിഹാരിക്ക് ഉറച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുക്കെട്ടാണിത്.
രണ്ടാം ദിനം അഞ്ചിന് 264 റണ്‍സെന്ന നിലയില്‍ കളി തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ ഋഷഭ് പന്തിന്റെ (27) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ (16) കൂട്ടുപിടിച്ച് വിഹാരി ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. കെ.എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിങ്ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി.