റഹീമിന്റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ്…!!! പൊലീസിന്റെ മുന്നില്‍ നിന്ന് രക്ഷപെട്ടത് രണ്ട് തവണ

കൊച്ചി: തീവ്രവാദി സംഘം കോയമ്പത്തൂരില്‍ എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. ഇതിനിടെ തീവ്രവാദ ബന്ധം സംശയിച്ച് കേരളം മുഴുവന്‍ പൊലീസ് തെരഞ്ഞു നടന്ന അബ്ദുള്‍ ഖാദര്‍ റഹീം ശനിയാഴ്ച രാവിലെ രണ്ട് തവണയാണ് കേരള പൊലീസിന് മുന്നില്‍ പോയിപ്പെട്ടത്. എന്നാല്‍ രണ്ട് തവണയും ഇയാളെ തിരിച്ചറിയാന്‍ പൊലീസുകാര്‍ക്കായില്ല. ഒരു തവണ റഹീമിന്റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്നും പൊലീസ് ചോദിച്ചു.

രണ്ട് ദിവസം മുന്‍പാണ് ബഹ്‌റെനില്‍ നിന്നും ഒരു യുവതിക്കൊപ്പം അബ്ദുള്‍ ഖാദര്‍ റഹീം കൊച്ചിയില്‍ വിമാനമിറങ്ങിയത്. പൊലീസ് പിടിയിലാവും മുന്‍പ് ബഹ്‌റെനില്‍ വച്ച് സിഐഡി സംഘം തന്നെ ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരുന്നു. അവിടെ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടിലെത്തിയതായി സംശയിക്കുന്ന തീവ്രവാദി സംഘത്തിന് റഹീം സഹായം നല്‍കി എന്ന സൂചനയെ തുടര്‍ന്ന് ഇയാളുടെ വീടും ബന്ധുക്കളും മറ്റു സുഹൃത്തുകളുമെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു.

റഹീമിനൊപ്പം കൊച്ചിയില്‍ എത്തിയ വയനാട് പുല്‍പ്പള്ളി സ്വദേശിയായ യുവതിയെ ഇന്നു രാവിലെ പൊലീസ് ആലുവയിലെ റഹീമിന്റെ ഗാരേജില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. അപ്പോഴേക്കും റഹീം കോഴിക്കോടേക്ക് കടന്നിരുന്നു. റഹീമിന്റെ നമ്പറിലേക്ക് യുവതിയുടെ ഫോണില്‍ നിന്നും പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം ഈ ഫോണ്‍ ഓണായി. എത്രയും പെട്ടെന്ന് കൊച്ചിയിലെത്തി കീഴടങ്ങാന്‍ ശബ്ദസന്ദേശത്തിലൂടെ പൊലീസ് റഹീമിനോട് ആവശ്യപ്പെട്ടു. ഇതോടെ ശനിയാഴ്ച രാവിലെ റഹീം കോഴിക്കോട് നിന്നും പുറപ്പെട്ടു.

കെഎസ്ആര്‍ടിസി ബസിലാണ് റഹീം കൊച്ചിക്ക് പുറപ്പെട്ടത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് റഹീം വരാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ദേശീയപാതയിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ബസുകളും കാറുകളും എല്ലാം പൊലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചു. ഇങ്ങനെ റഹീം സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ രണ്ട് തവണ പൊലീസ് തടഞ്ഞു.

റഹീമിന്റെ ഫോട്ടോയുമായാണ് രണ്ടിടത്തും പൊലീസുകാര്‍ ബസില്‍ കയറിയത്. ഒരിടത്ത് റഹീമിന്റെ മുന്നിലെത്തിയ പൊലീസുകാരന്‍ ഫോട്ടോ കാണിച്ചു കൊടുത്ത ശേഷം ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടതായി ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ല… എന്നായിരുന്നു റഹീമിന്റെ മറുപടി. ഇങ്ങനെ രണ്ടു പരിശോധനകളേയും അതിജീവിച്ചാണ് റഹീം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടത്. ഇതിനു ശേഷം ഹര്‍ജിയും തയ്യാറാക്കി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ റഹീമിനെ കോടതി നടപടികള്‍ പൂര്‍ത്തിയാവാനുള്ള സമയത്തിനിടെയാണ് പൊലീസ് പിടികൂടി കൊണ്ടുപോയത്.

ബഹ്‌റെനിലുണ്ടായിരുന്ന റഹീമിന്റെ പത്ത് വര്‍ഷോളം പഴക്കമുള്ള ഒരു ഫോട്ടോയും വച്ചാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. ഈ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയിലെ രൂപം ഇപ്പോള്‍ റഹീമിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. കണ്‍മുന്നിലെത്തിയിട്ടും റഹീമിനെ തിരിച്ചറിയാന്‍ പൊലീസിന് സാധിക്കാതെ പോയതും ഇതു കൊണ്ടാവാം എന്നാണ് കരുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7