പണം ഉണ്ടായിട്ടും ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവര്‍ കുടുങ്ങും

തൃശ്ശൂര്‍: ബാങ്ക് വായ്പ പണവും ആസ്തിയുമുണ്ടായിട്ടും ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത വന്‍കിടക്കാര്‍ക്ക് നേരെ ക്രിമിനല്‍നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ് എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയ ഇവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിക്കായുള്ള നിയമമാണ് ഉണ്ടാക്കുന്നത്. ഇതിനായി ധനകാര്യമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം വായ്പാകുടിശ്ശികക്കാരുടെ എണ്ണം 8552 ആയി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 5349 ആയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രമുണ്ടായ ബോധപൂര്‍വമായ വായ്പാകുടിശ്ശിക 1,50,000 കോടിയാണ്.

നിലവില്‍ വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിനു നേരെ കാര്യമായ നടപടിക്ക് നിയമമില്ല. ഇവരുടെ പേരുകള്‍ പരസ്യപ്പെടുത്തുകയും സ്വത്തുണ്ടെങ്കില്‍ നിയമപോരാട്ടത്തിലൂടെ കൈക്കലാക്കുകയും മാത്രമായിരുന്നു പോംവഴി. വായ്പാക്രമക്കേട് കണ്ടെത്തിയാല്‍ ബാങ്ക് അധികൃതര്‍ക്കെതിരേയായിരുന്നു ക്രിമിനല്‍നടപടി സ്വീകരിച്ചിരുന്നത്.

വായ്പാതട്ടിപ്പ് കൂടുകയും വായ്പ തിരിച്ചടയ്ക്കാത്തവരുടെ എണ്ണം പെരുകുകയും അതിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ നിയമനടപടി നേരിടുകയും ചെയ്തതോടെ ബാങ്കേഴ്‌സ് സമിതിയാണ് വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിന് നേരെ ക്രിമിനല്‍നടപടി വേണമെന്ന ആവശ്യമുന്നയിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ബാങ്ക് എംപ്ലോയീസും ഈ വിഷയം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

25 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത് ബോധപൂര്‍വമായി തിരിച്ചടയ്ക്കാത്തവരെയാണ് വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സായി കണക്കാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular