ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ് പതിവ്. ലാഹോര്‍ വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
നേരത്തെ ലാഹോറില്‍ നിന്ന് അട്ടാരിവരെയുള്ള സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്‍ സംഝോത എക്സ്പ്രസ് സര്‍വീസ് ഓഗസ്റ്റ് എട്ടിന് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചത്.
ഇതിന് പിന്നാലെ ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ് സര്‍വീസും പാകിസ്താന്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പാകിസ്താന്‍ തരംതാഴ്ത്തുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
samjhauta-express-that-runs-between-delhi-to-attari-in-pakistan