‘കാറ്റ്, കടല്‍, അതിരുകള്‍ ‘ റിലീസിന് ഒരുങ്ങുന്നു

പൗരത്വത്തിന്റെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യന് മുന്നില്‍ അതിരുകള്‍ ഉയര്‍ന്നു വരുന്ന കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമാകുകയും മനുഷ്യന്‍ നിലനില്‍പ്പിനു വേണ്ടി സ്വന്തം നാട്ടില്‍ നിന്നു പാലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന കാലം. മനുഷ്യന് മുന്നില്‍ മുമ്പില്ലാത്തവിധം അതിരുകള്‍ ഉയര്‍ന്നുവരുന്നത് ചര്‍ച്ച ചെയ്യുന്ന സിനിമ ‘കാറ്റ്, കടല്‍, അതിരുകള്‍ ‘ റിലീസിന് ഒരുങ്ങുന്നു. സമദ് മങ്കട സംവിധാനം ചെയ്യുന്ന ‘കാറ്റ്, കടല്‍, അതിരുകള്‍ ‘ കൊക്കൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.കെ. ഷാജിയാണ് നിര്‍മിക്കുന്നത്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം സമദ് മങ്കട സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

തിബറ്റന്‍, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം സിനിമയില്‍ കടന്നുവരുന്നു. അനുമോഹന്‍, കൈലാഷ്, ലിയോണ ലിഷോയ്, ഡോ. വേണുഗോപാല്‍, ഡോ. ജാനറ്റ് തുടങ്ങിയവര്‍ക്കൊപ്പം തിബറ്റന്‍ അഭയാര്‍ഥികളുടെ പ്രതിനിധിയായി ദാവോ ലാ മോയും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമേയം സിനിമയാകുന്നത്. ജീവിതം തന്നെ യാത്രയായി കാണുന്ന ജിയോ ക്രിസ്റ്റി എന്ന യുവാവിന്റെ വീക്ഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. കേരളത്തില്‍ ഇംഗ്ലീഷ് പഠിക്കാനെത്തുന്ന ദാവോ ലാ മോ എന്ന ടിബറ്റന്‍ അഭയാര്‍ഥി പെണ്‍കുട്ടി ജിയോ ക്രിസ്റ്റിയുമായി അടുപ്പത്തിലാകുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് കാറ്റ്, കടല്‍, അതിരുകള്‍ കൈകാര്യം ചെയ്യുന്നത്.

ജിയോ ക്രിസ്റ്റിയുടെ യാത്രകളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ട്രാവല്‍ മൂവികളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രം കൂടിയായിരിക്കും കാറ്റ്, കടല്‍, അതിരുകള്‍. ശരണ്‍, ഇടവേള റാഫി, ഷാനു ഷാനവാസ്, സജീഷ് വൈഖരി, ജൗഹര്‍ കാനേഷ്, നിസ, രമാദേവി എന്നിവരോടൊപ്പം ടെന്‍സിന്‍ നോര്‍ബു, ടെന്‍സിന്‍ ബാക്കഡോ, ജാംപാ ച്യൂസാങ് തുടങ്ങിയ ടിബറ്റന്‍ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നാഥുല, ഡല്‍ഹി, ഗാങ്‌ടോക്ക്, ധര്‍മശാല, കൂര്‍ഗ്, തൂത്തുക്കുടി, കശ്മീര്‍, കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് കാറ്റ്, കടല്‍, അതിരുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹിമാലയത്തിന്റെ താഴ്വരയിലെ വിവിധ ഗ്രാമങ്ങളുടെയും കൂര്‍ഗിലെയും മനോഹാരിത ഒട്ടും ചോരാതെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് അന്‍സാറാണ്. ശരത്തിന്റെ കഥയ്ക്ക് കെ. സജിമോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഹസീന എസ് കാനം, അനില്‍ മങ്കട, ഇ.കെ.എം. പാനൂര്‍ എന്നിവരുടെ വരികള്‍ക്ക് കെ.വി. അബൂട്ടി സംഗീതമൊരുക്കിയിരിക്കുന്നു. വിപിനാണ് എഡിറ്റിങ്, പശ്ചാത്തല സംഗീതം റോണി റാഫേല്‍. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

New Malayalam movie ‘Kaatu, Kadal, Athirutkal’

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7