ഇറാന്‍ മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തു; സംഘര്‍ഷഭരിതമായി ഹോര്‍മൂസ് കടലിടുക്ക്

ടെഹ്റാന്‍: മറ്റൊരു എണ്ണക്കപ്പല്‍ കൂടി ഇറാന്‍ പിടിച്ചെടുത്തു. ഇതോടെ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സംഘര്‍ഷത്തിന് മൂര്‍ച്ച കൂടി. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ‘എണ്ണ കള്ളക്കടത്ത്’ നടത്തിയ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തതായി ഇറാനിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏഴ് ജീവനക്കാരുള്ള വിദേശ കപ്പല്‍ ബുധനാഴ്ച പിടിച്ചെടുത്തുവെന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാനിയന്‍ സംര്‍ക്കാരുമായി അടുപ്പമുള്ള വാര്‍ത്താ ഏജന്‍സികളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില അറബ് രാജ്യങ്ങള്‍ക്കായി ഇന്ധനം കള്ളക്കടത്ത് നടത്തുന്ന ഒരു വിദേശ ഇന്ധന കപ്പല്‍ ഇറാന്‍ നാവിക സേന പിടിച്ചെടുത്തു എന്നാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ സിറാഹിയെ ഉദ്ധരിച്ച് ഇറാനിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തത്. കപ്പലില്‍ 7,00,000 ലിറ്റര്‍ ഇന്ധനമുള്ളതായും വിവിധ രാജ്യക്കാരായ ഏഴ് ജീവനക്കാര്‍ ഉള്ളതായും ഇറാനിയന്‍ ടി.വി പറയുന്നു.

സൈന്യം കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഇറാന്റെ തെക്കന്‍ തീരമായ ബുഷഹറിലേക്ക് കൊണ്ടുപോയതായാണ് വിവരം. എന്നാല്‍ കപ്പല്‍ പിടിച്ചെടുത്ത വിവരം സ്ഥിരീകരിക്കാന്‍ ബഹ്റൈനിലെ അമേരിക്കയുടെ ഫിഫ്ത് ഫ്ളീറ്റ് സൈനിക കേന്ദ്രം തയ്യാറായില്ല. ഇക്കാര്യത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.

സമുദ്രപാത ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ നേരത്തെ പിടികൂടിയ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇപ്പോഴും ഇറാന്റെ കയ്യിലാണ്. മറ്റൊരു കപ്പലും ഇറാന്‍ പിടികൂടിയിരുന്നു. സിറിയയിലേക്ക് എണ്ണ കടത്തി എന്നാരോപിച്ച് ഇറാന്റെ കപ്പല്‍ ബ്രിട്ടണും പിടികൂടിയിരുന്നു. അമേരിക്കയുടെ ഡ്രോണ്‍ തകര്‍ക്കുന്ന സംഭവവുമുണ്ടായി. ഇറാനെതിരെ രാജ്യാന്തര തലത്തില്‍ അമേരിക്കയുടെ ഉപരോധം ശക്തമായ സാഹചര്യത്തിലാണ് ഇറാന്‍ മൂന്നാമത്തെ കപ്പലും പിടികൂടിയത്.

ലോകത്തെ നിര്‍ണായക എണ്ണക്കടത്ത് പാതയായ ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷഭരിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ പിടിച്ചെടുത്ത കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് വെളിപ്പെടുത്താന്‍ ഇറാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7