വാഷിങ്ടണ്‍: യു.എസും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കംകൂട്ടി ഇരുരാജ്യങ്ങളുടെയും മേധാവിമാര്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഇറാന്‍ ഇനിയും യു.എസിനെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘ട്വിറ്ററി’ല്‍ പറഞ്ഞു. ടെഹ്‌റാനുനേരെയുള്ള ട്രംപിന്റെ പ്രതികാരനടപടികളുമായി മുന്നോട്ടുപോകരുതെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ട്രംപിന്റെ പ്രതികരണം.
ഇറാന്‍ ആണവക്കരാറില്‍നിന്ന് യു.എസ്. പിന്മാറിയതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. കരാറില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഇറാനുമേല്‍ യു.എസ്. വീണ്ടും ഉപരോധമേര്‍പ്പെടുത്താനാരംഭിച്ചതോടെയാണ് നേതാക്കള്‍ തമ്മില്‍ വാക്‌യുദ്ധം ശക്തമായത്.
ഇറാന്‍ സര്‍ക്കാര്‍ മാഫിയയെപ്പോലെയാണ് പെരുമാറുന്നത്. അവര്‍ക്കുമേലുള്ള സമ്മര്‍ദം ശക്തമാക്കുന്നതിനായി ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നത് മറ്റുരാജ്യങ്ങള്‍ നവംബറോടെ അവസാനിപ്പിക്കാന്‍ ശ്രമിക്കും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇറാന്‍സര്‍ക്കാരിനോട് അതൃപ്തിയുള്ള ആ രാജ്യത്തെ പൗരന്മാരെ പിന്തുണയ്ക്കുമെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു. പോംപിയോയുടെ പ്രസ്താവനയ്ക്കും ഇറാന്‍ അതേനാണയത്തില്‍ മറുപടിനല്‍കിയിട്ടുണ്ട്. ടെഹ്‌റാന്റെ ആഭ്യന്തരവിഷയത്തില്‍ ഇടപെടുന്നതാണ് പോംപിയോയുടെ പരാമര്‍ശം. ഇത്തരം പ്രവൃത്തികള്‍ ഇറാന്‍പൗരന്മാരെ ഒന്നിപ്പിക്കുകയും തങ്ങളുടെ രാജ്യത്തിനുനേരെ നടക്കുന്ന ഗൂഢാലോചനകളെ മറികടക്കാന്‍ സഹായിക്കുകയുംചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ബഹ്!റാം ഖാസെമി പറഞ്ഞു.
ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും ഇറാനുമായുള്ള യുദ്ധം മറ്റെല്ലാ യുദ്ധങ്ങളുടെയും മാതാവുമാണെന്ന് യു.എസ്. മനസ്സിലാക്കണം. ട്രംപ് ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ വാലുപിടിച്ച് കളിക്കരുത്. അതില്‍ പിന്നീട് വിഷമിക്കേണ്ടിവരുമെന്നായിരുന്നു റൂഹാനിയുടെ പ്രതികരണം.
എന്നാല്‍ ഇറാന്‍ പ്രസിഡന്റ് റൂഹാനി ഇനിയൊരിക്കലും യു.എസിനുനേരെ ഭീഷണിയുമായി വരരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അങ്ങനെയുണ്ടായാല്‍ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ അക്രമം നിറഞ്ഞ ഭ്രാന്തന്‍ വാക്കുകള്‍ കേട്ടുനില്‍ക്കുന്ന രാജ്യമല്ല ഇനിമേലില്‍ ഞങ്ങള്‍. സൂക്ഷിക്കുക.
അതേസമയം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും തമ്മിലുള്ള പോര് ഇരുരാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചതായി ലെബനീസ് രാഷ്ട്രീയവിദഗ്ധന്‍ കാമെല്‍ വാസ്‌നെ പറഞ്ഞു. ഇറാന്‍ ആണവക്കരാറില്‍നിന്ന് യു.എസ്. പിന്മാറി, ഇറാനുമേല്‍ വീണ്ടും ഉപരോധമേര്‍പ്പെടുത്തിയതോടെ ഇറാന് ഇനി യു.എസിനെ വിശ്വസിക്കാനാവില്ല.
ഇറാന്റെ സാമ്പത്തിക അടിത്തറ അവരുടെ എണ്ണക്കയറ്റുമതിയാണ്. ഇതു സംരക്ഷിക്കാനായി എല്ലാ മാര്‍ഗങ്ങളും പരിഗണിക്കുന്ന ഇറാന്‍ സ്വാഭാവികമായും യുദ്ധത്തിലേക്ക് പോകാനും തയ്യാറാകും. യുദ്ധമുണ്ടായാല്‍ യു.എസ്. അതിന് വലിയവില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു വാസ്‌നെ പറഞ്ഞു.