കാശ്മീരില്‍ 10,000 പേരെ വിന്യസിക്കുമെന്ന് പറഞ്ഞു; പക്ഷേ വിന്യസിച്ചത് 28,000 അര്‍ധ സൈനികരെ

ശ്രീനഗര്‍: കശ്മീര്‍ താഴ്വരയില്‍ 28,000 അര്‍ധസൈനികരെ വ്യാഴാഴ്ച രാത്രി വിന്യസിച്ചുതുടങ്ങി. തിടുക്കത്തില്‍ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളിലും താഴ്വരയിലെ മറ്റിടങ്ങളിലുമാണ് ഇവരെ വിന്യസിച്ചത്. സി.ആര്‍.പി.എഫുകാരാണ് സംഘത്തില്‍ കൂടുതല്‍. ചില ആരാധനാലയങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇവയ്ക്കു കാവല്‍നില്‍ക്കുന്ന ഉദ്യോഗസ്ഥരെ വിദേശ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്ന രഹസ്യാന്വേഷണവിവരത്തെ തുടര്‍ന്നായിരുന്നു ഇത്.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വേനലവധി 10 ദിവസം നേരത്തേ തുടങ്ങി. വ്യാഴാഴ്ച ഇവയെല്ലാം അടച്ചു. അമര്‍നാഥ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഭോജനശാലകളില്‍ ചിലത് പൂട്ടി.

ഈ നടപടികളും സൈനികവിന്യാസവും ക്രമസമാധാനനില തകരാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണെന്നു കരുതി നാട്ടുകാര്‍ അവശ്യസാധനങ്ങള്‍ ശേഖരിച്ചുതുടങ്ങി. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാനും ക്രമസമാധാനം സംരക്ഷിക്കാനുമായി 10,000 അര്‍ധസൈനികരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഏതാനും ദിവസം മുമ്പ് ഉത്തരവിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular