ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി വിദേശകാര്യമന്ത്രാലയം. വൈറ്റ് ഹൗസില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്രകടനമുണ്ടായത്.
അതേസമയം, ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. ട്രംപ് മധ്യസ്ഥത വിഹിക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. വിഷയത്തില്‍ നിലപാടില്‍ ഇന്ത്യ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വക്താവ് പ്രതികരിച്ചു.
രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടാമോ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. മനോഹരമായ കശ്മീര്‍ ബോംബുകള്‍ വര്‍ഷിക്കുന്ന താഴ്വാരയായി മാറി. സ്ഥിതിഗതികള്‍ തീര്‍ത്തും വഷളായ അവസ്ഥായാണുള്ളത്. വിഷയത്തില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ത്ഥിച്ചുവെന്ന് ട്രംപ് പറഞ്ഞു.
എന്നാല്‍ സംഭവം വിശദീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. മോദി സെപ്റ്റംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പായാണ് ഇത്തരത്തില്‍ പ്രസ്താവന ഉയര്‍ന്നിരിക്കുന്നത്.