പ്രിയങ്ക അധ്യക്ഷയായില്ലെങ്കില്‍ കോണ്‍ഗ്രസ്‌ പിളരും; മുന്നറിയിപ്പുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി രാജിവച്ചതോടെ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി കടുത്തിരിക്കുകയാണ്. ഇപ്പോഴിതാ രാഹുലിന് പകരം അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധി എത്തുന്നതിന് പിന്തുണ ഏറുന്നു. പ്രിയങ്കയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് നട്വര്‍ സിംഗ് രംഗത്തെത്തി. നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷ പദത്തിലേക്ക് വന്നാല്‍ പാര്‍ട്ടി 24 മണിക്കൂറിനകം പിളരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുപിയില്‍ ഭൂമി തര്‍ക്കത്തിനിടെ വെടിയേറ്റ് മരിച്ച ആദിവാസികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് പ്രിയങ്കയെ അഭിനന്ദിച്ച നട്വര്‍ സിംഗ് പാര്‍ട്ടിയെ നയിക്കാന്‍ അവര്‍ക്ക് കഴിവുണ്ടെന്ന് തെളിയിച്ചെന്നും പറഞ്ഞു. മുന്‍ വിദേശകാര്യ മന്ത്രി കൂടിയാണ് നട്വര്‍ സിംഗ്.

ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലേക്ക് ചെന്ന് അവര്‍ ചെയ്തത് അമ്പരിപ്പിക്കുന്നതാണ്. അധികാരികള്‍ തടഞ്ഞപ്പോള്‍ അവിടെ ഇരുന്ന് തന്റെ ആവശ്യം നേടിയെടുക്കുക തന്നെ അവര്‍ ചെയ്തു. കുടുംബത്തിന് പുറത്ത് നിന്നൊരാളെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള തീരുമാനം രാഹുല്‍ ഗാന്ധിക്ക് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്ക വരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്കയെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. നെഹ്റു കുടുംബത്തില്‍ നിന്നായിരിക്കില്ല കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷനെന്ന് അവരുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബത്തിന് മാത്രമേ ആ തീരുമാനം മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. 134 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് മറ്റാരേക്കാളും നൂറ് ശതമാനം യോജിക്കുന്നതായിരിക്കും പ്രിയങ്ക. മറ്റാര്‍ക്കെങ്കിലും ചുമതല നല്‍കിയാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ഇത് അംഗീകരിക്കണമെന്നില്ല. പാര്‍ട്ടി ശിഥിലമായി പോകുമെന്നും അനില്‍ ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7