സ്വയം വിരമിച്ചില്ലെങ്കില്‍ ധോണിയെ പുറത്താക്കാന്‍ തീരുമാനം..? ചീഫ് സെലക്ടര്‍ കാര്യങ്ങള്‍ ബോധിപ്പിക്കും..!!

ലോകകപ്പ് ക്രിക്കറ്റില്‍നിന്ന് ഇന്ത്യ പുറത്തായി ദിവസങ്ങള്‍ പിന്നിടുമ്പോഴും വിരമിക്കലുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാതെ മഹേന്ദ്രസിങ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ പ്രധാനികള്‍ ഉള്‍പ്പെടെ ധോണിയുടെ തീരുമാനത്തിന് കാക്കുമ്പോഴാണ് താരം മൗനം തുടരുന്നത്. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ടൂര്‍ണമെന്റ് ഉള്‍പ്പെടെ മുന്‍നിര്‍ത്തി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള തയാറെടുപ്പുകളിലേക്കു കടക്കും മുന്‍പ് ധോണി തീരുമാനം അറിയിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷയെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യന്‍ ടീമംഗമെന്ന നിലയില്‍ ധോണിയുടെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്ന തരത്തിലാണ് ബിസിസിഐയുടെ നിലപാട്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകിരീടങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനെന്ന നിലയില്‍ ധോണി സ്വയം തീരുമാനമെടുക്കാന്‍ കാക്കുകയാണവര്‍. ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ധോണിയുടേതെങ്കിലും നിര്‍ണായക സമയങ്ങളില്‍ റണ്‍നിരക്ക് ഉയര്‍ത്താനാകാതെ പോയത് വിമര്‍ശന വിധേയമായിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ധോണിയെ വിമര്‍ശിക്കുന്നതിനും ലോകകപ്പ് വേദിയായി. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ധോണി ജയത്തിനായി ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനെയും വിമര്‍ശനമുണ്ട്.

വിരമിക്കാന്‍ സമയമായി എന്നറിയിക്കുന്നതിന് ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് ധോണിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘ഇതുവരെയും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാത്തതില്‍ ഞങ്ങള്‍ക്ക് അദ്ഭുതമുണ്ട്. ഋഷഭ് പന്തിനെപ്പോലുള്ള താരങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. ലോകകപ്പില്‍ നമ്മള്‍ കണ്ടതുപോലെ ധോണി ഇപ്പോള്‍ ആ പഴയ ബെസ്റ്റ് ഫിനിഷറല്ല. ആറ്, ഏഴ് നമ്പറുകളിലാണ് ബാറ്റിങ്ങിന് ഇറങ്ങുന്നതെങ്കിലും ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് റണ്‍നിരക്കുയര്‍ത്താന്‍ അദ്ദേഹത്തിന് ഇപ്പോള്‍ സാധിക്കുന്നില്ല. ചില മല്‍സരങ്ങളില്‍ ടീമിന്റെ സാധ്യതയെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു’ ബിസിസിഐയോട് അടുത്തുനില്‍ക്കുന്ന, പേരു വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ധോണിയെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു. 2020 ലോകകപ്പ് പദ്ധതികളില്‍ ധോണിക്ക് ഇടമുണ്ടെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇനിയും പതിവുപോലെ ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാനിടയില്ല. സ്വന്തം നിലയ്ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ച് വിടപറയുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ലോകകപ്പിനുശേഷം ടീമില്‍ തുടരണമോ എന്ന കാര്യത്തില്‍ ധോണിയും ടീം മാനേജ്‌മെന്റും തമ്മില്‍ സംഭാഷണം നടന്നിട്ടുപോലുമില്ലെന്നാണ് വിവരം. ലോകകപ്പിന്റെ സമയത്ത് ധോണിയുടെ ശ്രദ്ധ കളയാതിരിക്കാനാകും ഇക്കാര്യം സംസാരിക്കാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ തീരുമാനം എടുക്കേണ്ട സമയമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

മുന്‍കാല പ്രകടനങ്ങളുടെ പേരിലോ മുതിര്‍ന്ന താരമെന്ന പേരിലോ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തുമെന്ന് കരുതുന്നില്ലെന്ന് പേരു വെളിപ്പെടുത്താത്ത മുന്‍ ഇന്ത്യന്‍ താരം പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. വിരാട് കോലിയുെട ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ പോലും തീര്‍ച്ചയില്ലാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

pathram:
Related Post
Leave a Comment