ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ മാറ്റണമെന്നതാണ് ഏറ്റവും പുതുതായി ഉയരുന്ന ആവശ്യം. കോഹ്ലിക്കെതിരേ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. രഞ്ജി താരമായ വസീം ജാഫറിന്റെ ട്വീറ്റാണ് ആദ്യം പുറത്തുവന്നത്.’കോലിയെ മാറ്റി രോഹിതിനെ ക്യാപ്റ്റനാക്കണം. 2023 ലോകകപ്പില്‍ രോഹിതാകണം ഇന്ത്യയെ നയിക്കേണ്ടത്’-വസീം ജാഫര്‍ ട്വീറ്റില്‍ പറയുന്നു.
‘ഏകദിനത്തിലും ടി20യിലും നായകസ്ഥാനം രോഹിത്തിന് കൈമാറാന്‍ ഉചിതമായ സമയമാണോ ഇത്? രോഹിത് ഇന്ത്യയെ 2023 ലോകകപ്പില്‍ നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു’- മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം ട്വീറ്റ് ചെയ്തു. ലോകകപ്പ് സെമിയില്‍ കിവീസിനോട് ഇന്ത്യ പരാജയപ്പെട്ടതോടെ രോഹിത് നായകനാകണം എന്ന ആവശ്യം ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
ഇതേസമയം രോഹിത് ശര്‍മ്മയെ ഉടന്‍ തന്നെ ഇന്ത്യന്‍ നായകനായി കാണാന്‍ ആരാധകര്‍ക്ക് സാധിച്ചേക്കും. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഏകദിന, ടി20 പരമ്പരകളില്‍ ഹിറ്റ്‌മാന്‍ നയിക്കാന്‍ സാധ്യതയുണ്ട്. സ്ഥിരം നായകന്‍ വിരാട് കോലിക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ഇന്ത്യന്‍ ടീമില്‍ ചേരിതിരിവുണ്ടെന്നും വിഭാഗീയത മറനീക്കി പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും ക്യാപ്റ്റനായ കോലിയുടേയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിരാട് കോലിക്ക് ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക് ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ ആരോപണം. ഇത് ടീം സെലക്ഷനിലും പ്രതിഫലിച്ചിരുന്നു. അമ്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലുള്‍പ്പെടുത്തിയത് ഇത്തരത്തില്‍ കോലിയുടെ താത്പര്യമായിരുന്നുവെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത് ശര്‍മ്മയേയും ജസ്പ്രീത് ബുംറയേയും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അവര്‍ എല്ലാ മത്സരങ്ങളിലും കളിച്ചു. എന്നാല്‍ കോലിയുടെ ഇഷ്ടതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും കെ.എല്‍ രാഹുലിന് ടീമില്‍ ഇടം നേടാനായത് ഇതുകൊണ്ടാണെന്നും ദൈനിക് ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.