ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ ടീം ലോകകപ്പ് ഫൈനല്‍ കഴിയുന്നതുവരെയെങ്കിലും കാത്തിരിക്കണം. വിമാന ടിക്കറ്റ് കിട്ടാനില്ലാത്തതാണ് ഇന്ത്യന്‍ ടീമിനെ ഇംഗ്ലണ്ടില്‍ തന്നെ തങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ടിക്കറ്റ് ലഭിക്കുന്ന മുറക്ക് പല സംഘങ്ങളായി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടീം അംഗങ്ങളില്‍ ചിലര്‍ കുടുംബവുമൊത്ത് അവധി ആഘോഷിച്ചശേഷമെ നാട്ടിലേക്ക് മടങ്ങാനിടയുള്ളുവെന്നും സൂചനയുണ്ട്. ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്.
അതേസമയം, ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ച് മത്സരം കാണാന്‍ ടിക്കറ്റെടുത്ത ആരാധകരില്‍ ഭൂരിഭാഗവും ഇതുവരെ ടിക്കറ്റുകള്‍ മറിച്ചുവിറ്റിട്ടില്ല. ഐസിസി വെബ്‌സൈറ്റില്‍ ടിക്കറ്റ് റീസെയിലിനായി സൗകര്യമുണ്ടെങ്കിലും ഇതുവരെ തണുപ്പന്‍ പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ട്.