ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. രാജിവെക്കേണ്ട സാഹചര്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ്- ജെ ഡി എസ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
അതേസമയം ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാമ്പില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് നേരിട്ട് കാണണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് വേണുഗോപാല്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഒമ്പതേകാലോടെ കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി എത്തി. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ഇതിനു പിന്നാലെയാണ് 2008ലെ രാഷ്ട്രീയസാഹചര്യം ചൂണ്ടിക്കാണിച്ച് രാജിവെക്കില്ലെന്ന് കുമാരസ്വാമി മാധ്യമങ്ങളോടു പ്രതികരിച്ചത്.