തിരുവനന്തപുരം: ആന്തുരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളോട് വിശദീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ മന്ത്രി എ.സി മൊയ്തീന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.സി മൊയ്യതീന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സാജന്റെ വീട് സന്ദര്‍ശിച്ച എം.വി ജയരാജന്‍ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകിരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. പി.കെ ശ്രീമതിയ്ക്കും പി. ജയരാജനും ഒപ്പമാണ് എം.വി ജയരാജന്‍ സാജന്റെ വീട്ടില്‍ എത്തിയത്. സാജന്റേത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ട കുടുംബമാണെന്നും കണ്‍വന്‍ഷന്‍ സെന്ററിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.എം മുന്‍കൈയെടുക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കാന്‍ മന്ത്രി എ.സി മൊയ്തീന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. നഗരസഭാ സെക്രട്ടറി ഗിരീഷ്, അസി. എഞ്ചനീയര്‍ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു.