ഓസിസിനെതിരേ അഫ്ഗാന്‍ ഉയര്‍ത്തിയത് 208 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്താന്‍ ഉയിര്‍ത്തെഴുന്നേറ്റു. 77 റണ്‍സിനിടയില്‍ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ അവര്‍, ആറാം വിക്കറ്റില്‍ തീര്‍ത്ത അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് 38.2 ഓവറില്‍ 207 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് എത്തിയത്. 49 പന്തില്‍ 51 റണ്‍സ് എടുത്ത നജീബുള്ള സദ്രാനാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് സദ്രാന്റെ അര്‍ധ സെഞ്ചുറി.

ഓപ്പണര്‍മാരായ മുഹമ്മദ് ഷഹ്‌സാദ്, ഹസ്രത്തുള്ള നസ്രായി എന്നിവര്‍ റണ്‍ ഒന്നും എടുക്കാതെ പുറത്തായി. മൂന്നാമനായി ഇറങ്ങിയ റഹ്മത്ത് ഷായുടെ പിന്‍ബലത്തില്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയെങ്കിലും തുടരെ തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. 60 പന്തില്‍ 43 റണ്‍സുമായി റഹ്മത്ത് ഷാ പൊരുതി നോക്കിയെങ്കിലും ആദം സാംപയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

പിന്നീട് നജീബുള്ള സദ്രാനും ഗുല്‍ബാദിന്‍ നബിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തമാണ് അഫ്ഗാനെ തുണച്ചത്. 33 പന്തില്‍ 31 റണ്‍സ് എടുത്ത് ഗുല്‍ബാദിന്‍ നബി പുറത്തായി. റാഷിദ് ഖാന്‍ 12 പന്തില്‍ 27 റണ്‍സും മുജീബുര്‍ റഹ്മാന്‍ 9 പന്തില്‍ 13 റണ്‍സും എടുത്തു.

ഓസീസിനായി എട്ട് ഓവറില്‍ 60 റണ്‍സ് വഴങ്ങി ആദം സാംപയും 8.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി പാറ്റ് കമ്മിന്‍സും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular