ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി കിട്ടുമെന്ന് കരുതി; അതുണ്ടായില്ല; വനിതാ കമ്മീഷനെതിരേ വീണ്ടും രമ്യ ഹരിദാസ്

പാലക്കാട്: ഇടത് മുന്നണി കണവീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിക്ക് കിട്ടുമെന്ന് കരുതി. അതുണ്ടായില്ലെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കേണ്ടയാളാണ് വനിതാ കമ്മീഷന്‍. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ നടപടി എടുക്കാമായിരുന്നു. എന്നിട്ടും അത് ചെയ്തില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആലത്തൂര്‍ എംപി രമ്യ ഹരിദാസ് പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തോ എന്ന ചോദ്യത്തോട് രോഷത്തോടെയാണ് വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുവരെ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്നും എം സി ജോസഫൈന്‍ ആരോപിച്ചിരുന്നു.

രമ്യയ്ക്ക് എതിരെ പരാമര്‍ശം ഉയര്‍ന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷന്‍ കേസെടുത്തു. എ വിജയരാഘവനെ പ്രതി ചേര്‍ത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെ രമ്യ വനിത കമ്മീഷനെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നുമാണ് എംസി ജോസഫൈന്റെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7