ഇരുവൃക്കകളും തകരാറിലായ കെ എസ് യു നേതാവിന് ചികിത്സാ സഹായ അഭ്യര്‍ഥനയുമായി എസ് എഫ് ഐ. കായംകുളം സ്വദേശിയും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ മുഹമ്മദ് റാഫിക്കുവേണ്ടിയാണ് എസ് എഫ് ഐ രംഗത്തിറങ്ങിയത്. റാഫിക്ക് സഹായം അഭ്യര്‍ഥിച്ചു കൊണ്ടുള്ള എസ് എഫ് ഐയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറലായിട്ടുണ്ട്.
നമ്മുടെ സഹോദരനാണ് എന്ന തലക്കെട്ടോടെ കെ എസ് യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രവും എസ് എഫ് ഐയുടെ പോസ്റ്റിലുണ്ട്. റാഫിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായിരിക്കുകയാണ്. ഡയാലിസിസ് നടക്കുകയാണെന്നും വൃക്കമാറ്റിവെക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും കൂരാച്ചുണ്ട് സഖാക്കള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറയുന്നു.
സാമ്പത്തികമായി തീര്‍ത്തും പിന്നോക്ക അവസ്ഥയില്‍ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രിയയും തുടര്‍ചികിത്സയുമായോ മുന്നോട്ട് പോകാന്‍ കഴിയില്ല. സ്വന്തം ശാരീരിക പ്രശ്‌നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവര്‍ത്തിച്ച ഈ സഹോദരന്‍ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം …. ആരോഗ്യവാനായ്.നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം.-കുറിപ്പില്‍ പറയുന്നു.
റാഫിക്ക് ഒരു വൃക്ക ദാനം ചെയ്യാന്‍ മുന്‍ എസ് എഫ് ഐ നേതാവ് ഇ ഷാനവാസും രംഗത്തെത്തിയിട്ടുണ്ട്. കായംകുളം എം എസ് എം കോളേജിലെ മുന്‍ ചെയര്‍മാനാണ് ഷാനവാസ്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും റാഫിക്ക് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. റാഫിയുടെ ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം.