മലയാളസിനിമയിലെ നായക സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. കലാഭവന്‍ മണി എന്ന നായകനെ വിനയന്‍ മലയാളസിനിമയ്ക്ക് നല്‍കുകയായിരുന്നു ഇതിലൂടെ. ഈ സിനിമ വന്ന വഴിയെക്കുറിച്ച് വിനയന്‍ വെളിപ്പെടുത്തുന്നു.
വിനയന്‍ ചിത്രമായ കല്യാണസൗഗന്ധികത്തിന്റെ സെറ്റ്. സല്ലാപത്തിനു ശേഷം കലാഭവന്‍ മണിക്ക് ശ്രദ്ധേയമായ വേഷമുള്ള സിനിമയാണ് കല്യാണസൗഗന്ധികം. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ മണി പുതിയൊരു നമ്പര്‍ കാണിക്കാമെന്നു പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്ന അന്ധന്‍അതായിരുന്നു പുതിയ നമ്പര്‍. ക്യാപ്റ്റന്‍ രാജുവും ഹരിശ്രീ അശോകനും ശിവാജിയുമെല്ലാം സാക്ഷി നില്‍ക്കേ അന്ധനെ അവതരിപ്പിച്ച് മണി എല്ലാവരെയും വിസ്മയിപ്പിച്ചു.
വിനയന്‍ പറഞ്ഞു: ”ഇതു മിമിക്രിയല്ലെടാ. സംഭവം കലക്കി. അന്ധനെ സെന്റര്‍ ക്യാരക്ടരാക്കി പടമെടുക്കാമെന്നു പോലും തോന്നുന്നു. നീയാകണം നായകന്‍.” ആ നിമിഷത്തെ ആഹ്ലാദത്തില്‍ വിനയന്‍ അങ്ങനെ പറഞ്ഞു പോയതാണ്. പക്ഷേ, കലാഭവന്‍ മണി അത് മനസ്സിലെടുത്തു, താലോലിച്ചു വളര്‍ത്തി. വിനയനെ വിടാതെ പിടികൂടി: ”എന്നെ നായകനാക്കാമെന്നു പറഞ്ഞ പടമെന്നു തുടങ്ങും?”
മൂന്നുവര്‍ഷത്തോളം ഈ വിഷയത്തെക്കുറിച്ച് വിനയനും ആലോചിച്ചു. മനസില്‍ ഒരു സ്വപ്നമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വളര്‍ന്നു. കുട്ടനാട്ടിലെ പുതുക്കരിയിലെ വീട്ടില്‍ നിന്നു ചിത്രക്കരിയിലെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ആല്‍ത്തറയിലെ അന്ധനെ വിനയന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സവിശേഷതകള്‍ കഥാപാത്രസൃഷ്ടിയിലും ഉപയോഗിച്ചു.
പ്രേക്ഷകരെ ഈറനണിയിച്ച ചിത്രം ദേശീയ, സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് മണിയെ അര്‍ഹനാക്കി. 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചിത്രം നേടിയത് മൂന്നരക്കോടിയാണ്. കാസറ്റ്‌റൈറ്റ്‌സിന് മാത്രം 30 ലക്ഷം രൂപ ലഭിച്ചു. മണിയെന്ന മാണിക്യത്തിന്റെ ഉദയം കൂടിയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.