തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. സന്നിധാനത്ത് സിനിമാ ചിത്രീകരണം നടന്നിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായും കാട്ടി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമാ സീരിയല്‍ താരം സുധാ ചന്ദ്രന്‍ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന രംഗമായിരുന്നു വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയ വാര്‍ത്തകളിലൊന്ന്. ഇതിനെതിരെ പ്രതികരിച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തു എന്നൊരു വിവാദം തന്റെ പേരിലുണ്ടായി. പക്ഷേ അത് സത്യമല്ല. ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നതെന്ന് നടി വ്യക്തമാക്കി.
41 ദിവസം വ്രതമെടുത്ത് നിഷ്ഠകളെല്ലാം പാലിച്ചാണ് തന്റെ ഭര്‍ത്താവ് ശബരിമലയില്‍ പോയത്. അയ്യപ്പനെ തൊഴണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ ഏത് കോടതി വിധി വന്നാലും ആചാരങ്ങളെ നിഷേധിക്കാന്‍ തയ്യാറല്ല. 52 വയസായി. എങ്കിലും അയ്യപ്പനെ കാണാന്‍ കാത്തിരിക്കാന്‍ ഇപ്പോഴും തയ്യാറാണ്. എപ്പോഴാണോ ഭഗവാന്‍ വിളിക്കുന്നത് അപ്പോള്‍ മാത്രമേ മല ചവിട്ടൂ.-സുധ പറഞ്ഞു.
ഒരേസമയം ട്രഡീഷണലും മോഡേണുമായി ചിന്തിക്കുന്നയാളാണ് താന്‍. ചിന്തകളും ഇഷ്ടദൈവവും പ്രാര്‍ത്ഥനയും ഒക്കെ വ്യക്തികള്‍ക്ക് ഓരോന്നല്ല. ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ്. വീട്ടിലെ പൂജാ മുറിയിലും അമ്പലത്തിലും ശബരിമലയിലും എല്ലാം ദൈവമുണ്ട്. ആരു മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും ദൈവം വിളി കേള്‍ക്കും. ദൈവം സത്യത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്യും അതാണ് തന്റെ വിശ്വാസമെന്നും നടി കൂട്ടിച്ചേര്‍ത്തു.
1986 ചിത്രീകരിച്ച ‘നമ്പിനോര്‍ കെടുവതില്ലൈ’ എന്ന ചിത്രത്തില്‍ യുവനടി പതിനെട്ടാംപടിയില്‍ പാടി അഭിനയിക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. അയ്യപ്പ ഭക്തനായ കെ ശങ്കരന്‍ 1986 മാര്‍ച്ച് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയിരുന്നത്. യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, മനോരമ എന്നിവരാണ് സന്നിധിയില്‍ വെച്ച് നൃത്തം ചെയ്തതെന്ന കാട്ടി ഇവര്‍ക്കെതിരെ കായംകുളം കൃഷ്ണപുരം സ്വദേശിയായ വി രാജേന്ദ്രന്‍ റാന്നി കോടതിയെ സമീപിച്ചിരുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.