തൃശൂര്‍ പൂരത്തിന്റെ വീഡിയോ, ഓഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്യാനാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്.
റസൂല്‍പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ പകര്‍പ്പവകാശം സോണി മ്യൂസിക്കിനാണ്. അതുകൊണ്ട് തന്നെ പൂരവുമായി ബന്ധപ്പെട്ട വീഡിയോയും ശബ്ദങ്ങളും യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല. പഞ്ചവാദ്യം, പഞ്ചാരിമേളം, ഇലഞ്ഞിത്തറമേളം എന്നിവയാണ് സൗണ്ട് സ്റ്റോറിയിലുള്ളത്. ചിത്രത്തിലെ മ്യൂസിക്കിന് കോപ്പിറൈറ്റ് ഉള്ളതിനാല്‍ ഈ മേളങ്ങെളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ അത് കോപ്പി റൈറ്റ് ലംഘനമാകും. ഫെയ്സ്ബുക്ക് ലൈവ് കൊടുത്താലും കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകും.
സൗണ്ട് സ്റ്റോറിയില്‍ ഉപയോഗിച്ച പഞ്ചവാദ്യം ഉള്‍പ്പെടെയുള്ള മ്യൂസിക്കിന്റെ പകര്‍പ്പാവകാശം സോണി സ്വന്തമാക്കിയതോടെ പൂരം ഓണ്‍ലൈന്‍മാധ്യമങ്ങള്‍ക്ക് ലൈവായി നല്‍കുമ്പോള്‍ കോപ്പിറൈറ്റ് പ്രശ്‌നം നേരിട്ടിരുന്നു. ഇതോടെയാണ് എആര്‍എന്‍ ഉള്‍പ്പെടെയുള്ള പല പ്രാദേശിക ചാനലുകളും ഓണ്‍ലൈന്‍ മീഡിയകളും പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേ സമയം കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ദുഃഖം തോന്നുന്നൂവെന്ന് റസൂല്‍പൂക്കുട്ടി പ്രതികരിച്ചു. ‘ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോക്ക് തനിക്ക് പങ്കില്ല. വീഡിയോ പ്രശാന്ത് പ്രഭാകറും പോസ്റ്റണ്‍ മീഡിയയുമാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയിട്ടുള്ളതെന്നാണ് എന്റെ അറിവ്. ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലും നല്‍കിയിട്ടുള്ളതായോ തനിക്ക് അറിയില്ല’- റസൂല്‍പൂക്കുട്ടി പ്രതികരിച്ചു.
എന്നാല്‍ കമ്പനിയുടെ അനുമതി വാങ്ങിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. തൃശ്ശൂരിലെ പ്രാദേശിക ചാനല്‍ അപ്ലോഡ് ചെയ്ത പൂരംകാഴ്ചയ്ക്ക് ഇതുപോലെ കോപിറൈറ്റ് അവകാശവാദം ഉണ്ടായപ്പോള്‍ ചാനല്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു. സോണി ഇത് മാന്വല്‍ ആയി അല്ല പകര്‍പ്പാവകാശം ഉന്നയിക്കുന്നതെന്നും കോപ്പിറൈറ്റ് ഉള്ള മ്യൂസിക്കിലെ പഞ്ചാരിമേള ഭാഗങ്ങളും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ഓട്ടോമാറ്റിക് ആയി കോപ്പിറൈറ്റ് പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.
പ്രാദേശിക മാധ്യമങ്ങളാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും ഇപ്പോള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വന്‍പ്രതിഷേധമാണ് ഉയരുന്നത്.