ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയുടെ വികസനത്തിനു പരിഗണന കിട്ടുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റ് ഇട്ടതിന്റെ പേരില്‍ കായംകുളം എം.എല്‍.എ: യു. പ്രതിഭയ്ക്കു നേരേ സൈബര്‍ ആക്രമണം. സൈബര്‍ ഗുണ്ടായിസമാണു നടക്കുന്നതെന്നും തന്റെ കുടുംബജീവിതം വരെ കമന്റില്‍ പരാമര്‍ശിച്ചവരെ ‘സഖാവ്’ എന്നു സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും പ്രതിഭയുടെ തിരിച്ചടി.
മന്ത്രി വിമര്‍ശിച്ചതിനു പിന്നാലെ, സി.പി.എം. പ്രവര്‍ത്തകര്‍ കടന്നാക്രമിച്ചതോടെയാണു ഫെയ്സ്ബുക്കിലൂടെ അവര്‍ പ്രതിഷേധം പരസ്യമാക്കിയത്. കായംകുളം താലൂക്കാശുപത്രിയുടെ പേരില്‍ നിര്‍ദോഷകരമായ ഒരു കമന്റ് ഇട്ടതിനു ഗ്യാങ്ങ് അറ്റാക്കാണുണ്ടായതെന്നു സി.പി.എം: എം.എല്‍.എയായ പ്രതിഭ പറയുന്നു. വ്യക്തിപരമായി ചിലര്‍ക്കൊക്കെ വിരോധമുണ്ടെന്നു കമന്റുകളിലൂടെ മനസിലായെന്നും അവര്‍ ആക്ഷേപമുന്നയിച്ചു.
കായംകുളത്തെ കാത്ത് ലാബിനെക്കുറിച്ചുള്ള മന്ത്രി ശൈലജയുടെ ഫെയ്സ്ബുക്ക് കുറിപ്പിനു താഴെയാണു താലൂക്കാശുപത്രിയുടെ കാര്യം പറഞ്ഞ് പ്രതിഭ കമന്റിട്ടത്. എം.എല്‍.എമാര്‍ക്കു കാര്യങ്ങള്‍ പറയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെയും പാലിക്കാതെയും പ്രതിഭ ഫെയ്സ്ബുക്കില്‍ കമന്റിട്ടതു ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹെല്‍ത്ത് സെക്രട്ടറിയെ വിമര്‍ശിച്ച് എ.ംഎല്‍.എ. കുറിപ്പിട്ടതു ശരിയല്ലെന്നും വീണാ ജോര്‍ജിനെ അഭിനന്ദിച്ചത് എം.എല്‍.എ. എന്ന നിലയില്‍ അവര്‍ മികച്ച ഇടപെടല്‍ നടത്തിയതിനാലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സി.പി.എം. അണികള്‍ പ്രതിഭയ്ക്കു നേരേ തിരിയുകയായിരുന്നു. പാര്‍ട്ടിയുടെ എം.എല്‍.എ. പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള്‍ പാലിക്കാന്‍ തയാറാകണം, ബ്രാഞ്ച് മുതല്‍ ഒരോ പാര്‍ട്ടി മെമ്പറും സ്വീകരിക്കേണ്ട അച്ചടക്കങ്ങള്‍ അറിയാനും അത് പാലിക്കാനും തയാറാകണം എന്നു തുടങ്ങി വ്യക്തിപരമായി കടന്നാക്രമിക്കുന്ന കമന്റുകള്‍ വരെ അണികളുടെ ഭാഗത്തു നിന്നുണ്ടായി. ഇതിനെതിരെയാണ് ഫെയ്സ്ബുക്കിലൂടെ പ്രതിഭ തിരിച്ചടിച്ചത്.
പ്രതിഭയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ….
‘കായംകുളം താലൂക്കാശുപത്രിയുടെ പേരില്‍ നിര്‍ദോഷകരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ ഗാങ് അറ്റാക്ക് ഒക്കെ മനസിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ചുപേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജ സഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ, എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസമെന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.’