ഐ.എസ്. ഭീകരര്‍ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജന്‍സികളും അവഗണിക്കുകയായിരുന്നെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സംസ്ഥാന പോലീസില്‍ത്തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങള്‍ അട്ടിമറിച്ചതിനു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്നും എന്‍.ഐ.എ. അന്വേഷിക്കും.
രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേര്‍ത്തത്. അബുദാബി മൊഡ്യൂള്‍ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തെത്തിയ മലയാളികളെ ഐ.എസില്‍ എത്തിച്ചപ്പോള്‍ സംസ്ഥാനത്തുനിന്ന് പ്രധാനമായും െയമന്‍വഴിയാണ് റിക്രൂട്ട്മെന്റ് നടന്നത്. യെമന്‍ വഴി ഐ.എസ്സിലെത്തിയവര്‍ മിക്കവരും അഫ്ഗാനിസ്താനിലാണ് എത്തിയത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങള്‍ക്ക് നേതൃത്വംനല്‍കിയത്. ഈ രണ്ടുപേരും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് ആക്രമണം നടത്താന്‍ ആഹ്വാനം നടത്തിയിരുന്നു. 2017 ഏപ്രില്‍ 13 -ന് അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ജി.ബി.യു. 46 ബോംബാക്രമണത്തില്‍ പലരും കൊല്ലപ്പെട്ടെങ്കിലും ആ വര്‍ഷം ജൂലായില്‍ത്തന്നെ സജ്ജാദിന്റെ ആക്രമണ ആഹ്വാനം വീണ്ടുമെത്തി. എന്നാല്‍ ഇതിനെ ഗൗരവമായി കാണാനോ മുന്‍കരുതല്‍ സ്വീകരിക്കാനോ അധികൃതര്‍ തയ്യാറായില്ല.
കാസര്‍കോടുനിന്ന് പതിനാറിലധികംപേരെ ഐ.എസിലെത്തിച്ച അബ്ദുള്‍റാഷിദ് അബ്ദുള്ളയും ആക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തിയിരുന്നു. കാസര്‍കോട് സംഘടിപ്പിച്ച ക്‌ളാസുകളില്‍ ആക്രമണോത്സുക ജിഹാദിന് ആഹ്വാനംനടത്തിയ ഇയാള്‍ അഫ്ഗാനിലേക്ക് കടന്ന ശേഷവും നിരന്തരം സംസ്ഥാനത്ത് ചാവേറാക്രമണങ്ങള്‍ക്ക് ആഹ്വാനം നടത്തി. കൊച്ചിയില്‍ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന എന്‍.ഐ.എ. മുന്നറിയിപ്പിനെത്തുടര്‍ന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു. എന്നാല്‍ ഇതിലൊന്നും തുടരന്വേഷണം നടത്താനോ സംസ്ഥാനത്തെ ഐ.എസ്. സ്‌ളീപ്പര്‍ സെല്ലുകളെ കണ്ടെത്താനോ സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ല. കാസര്‍കോട്ടുനിന്ന് 14 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കുടുംബങ്ങള്‍ യെമനിലേക്ക് കടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് യെമനിലേക്ക് പോകുന്നവരെയും റിക്രൂട്ട് നടത്തുന്നവരെയും പ്രത്യേകമായി നിരീക്ഷിക്കണമെന്ന് എന്‍.ഐ.എ. മുന്നറിയിപ്പു നല്‍കി. ഇതിലും നടപടി ഉണ്ടായില്ല. മനുഷ്യക്കടത്ത് തടയാന്‍ പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല.