ചെന്നൈയെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഫൈനലില്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മുംബൈയുടെ വിജയശില്‍പിയായപ്പോള്‍ നിലത്തിട്ട ക്യാച്ചുകള്‍ ചെന്നൈയ്ക്ക് കണ്ണീരായി. ഫൈനലിലെത്താന്‍ ചെന്നൈയ്ക്ക് ഒരു അവസരം കൂടിയുണ്ട്.

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മയെ(4) ദീപക് ചഹാര്‍ പുറത്താക്കിയത് മുംബൈയെ ഞെട്ടിച്ചു. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ഭാജി, ഡികോക്കിനെ(8) മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൂര്യകുമാറും ഇഷാന്‍ കിഷനും മുംബൈയെ 100 കടത്തി. താഹിര്‍ 14-ാം ഓവറില്‍ ഇഷാനെയും(28) ക്രുനാലിനെയും(0) അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയതോടെ മത്സരം ആവേശമായി. എന്നാല്‍ സൂര്യകുമാര്‍ യാദവും71) ഹാര്‍ദിക് പാണ്ഡ്യയും(13) പുറത്താകാതെ മുംബൈയെ ജയതീരത്തെത്തിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് ഇരുപത് ഓവറില്‍ നേടാനായത് നാലു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ്.

മുംബൈ ബൗളിങ്ങിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ചെന്നൈ നിരയില്‍ തിളങ്ങാനായത് അമ്പാട്ടി റായിഡുവിനും ക്യാപ്റ്റന്‍ എം.എസ്. ധോനിക്കും മുരളി വിജയ്ക്കും മാത്രമാണ്. 37 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റായിഡുവാണ് ടോപ് സ്‌കോറര്‍. ഒരു സിക്സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റായിഡുവിന്റെ ഇന്നിങ്സ്. ധോനി 29 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുരളി വിജയ് 26 പന്തില്‍ നിന്ന് 26 ഉം റണ്‍സെടുത്തു.

മുംബൈയ്ക്കുവേണ്ടി ചാഹര്‍ രണ്ടും യാദവും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

pathram:
Related Post
Leave a Comment