ന്യൂഡല്‍ഹി: കഥകളില്‍ മാത്രം കേട്ടുപരിചയിച്ച, അജ്ഞാത മഞ്ഞുമനുഷ്യനായ യതിയുടെ കാല്‍പാടുകള്‍ ഹിമാലയത്തിലെ ബേസ് ക്യാമ്പിനു സമീപം കണ്ടെത്തിയെന്ന ഇന്ത്യന്‍ കരസേനയുടെ വാദത്തിനെതിരെ നേപ്പാള്‍. മേഖലയില്‍ ഇത്തരം കാല്‍പാടുകള്‍ കാണുക പതിവാണെന്നും അവ കരടിയുടേതാണെന്നും നേപ്പാള്‍ സേനയിലെ ഓഫീസറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്ത്യന്‍ പട്ടാളത്തിന്റെ ഒരു സംഘമാണ് കാല്‍പാടുകള്‍ കണ്ടത്. ഞങ്ങളുടെ ഒരു സംഘവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വസ്തുത എന്താണെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ പ്രദേശവാസികളും ചുമട്ടുകാരും പറഞ്ഞത് മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന കാട്ടുകരടിയുടെ കാല്‍പാടുകളാണ് ഇവയെന്നാണ്’- നേപ്പാള്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ പറഞ്ഞു.
കരസേനയുടെ പര്‍വതാരോഹക സംഘമാണ് യതിയുടെ കാല്‍പ്പാട് കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്. ഇക്കാര്യം ചിത്രസഹിതം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ ഒമ്പതിന് മക്കാളു ബേസ് ക്യാമ്പിനു സമീപം യതിയുടെ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകള്‍ കണ്ടെത്തിയെന്നായിരുന്നു കരസേന ട്വീറ്റില്‍ പറഞ്ഞിരുന്നത്.