തിരുവനന്തപുരം: ബുര്‍ഖ നിരോധനത്തില്‍ എംഇഎസിന് പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കെ ടി ജലീല്‍ പറഞ്ഞു.
ഹജ് ചെയ്യുമ്പോഴും നിസ്‌കരിക്കുമ്പോഴും മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കാറില്ല. സ്ത്രീകള്‍ മുഖവും പുറംകൈയും മറയ്ക്കരുതെന്ന് ഇസ്ലാം മതം പറയുന്നുമുണ്ട്. ഇങ്ങനെയെല്ലാമായിട്ടും ബുര്‍ഖ ധരിക്കണമെന്ന് ചിലര്‍ വാശിപിടിക്കുന്നത് ശരിയല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നിലപാട്.
എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണം എന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ബുര്‍ഖ പ്രചരിപ്പിക്കുന്നതിന് പിന്നിലെ കച്ചവട താല്‍പര്യവും മന്ത്രി ചോദ്യം ചെയ്യുന്നു. 313 നിറങ്ങളില്‍ 786 തരം ബുര്‍ഖകള്‍ നിര്‍മിക്കുന്നുവെന്ന പരസ്യ വാചകം വിശ്വാസത്തെ മുന്‍നിര്‍ത്തി ലാഭം കൊയ്യാനുളള തന്ത്രമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.