കോണ്‍ഗ്രസ് വനിതാ അംഗവുമായി രാത്രിയില്‍ ഫോണ്‍ സംഭാഷണം; സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

ചങ്ങരംകുളം: വനിതാ പഞ്ചായത്തംഗം ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തെത്തുടര്‍ന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. സി.പി.എം. ജില്ലാകമ്മിറ്റിയംഗം കൂടിയായ ടി. സത്യനാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി സത്യന്‍ കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗവുമായി നടത്തിയ 45 മിനിറ്റിലധികം നീണ്ടുനില്‍ക്കുന്ന ഫോണ്‍ സംഭാഷണമാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവര്‍ തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു സംഭാഷണം. ഇതു വിവാദമായതോടെ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ ഫോണ്‍ വിവാദത്തിലുള്‍പ്പെട്ട പഞ്ചായത്ത് വനിതാ അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നരവര്‍ഷം മുമ്പാണ് ടി. സത്യന്‍ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റത്. സത്യനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടോയെന്ന് പാര്‍ട്ടി അടിയന്തരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.എം. എടപ്പാള്‍ ഏരിയാകമ്മിറ്റി അറിയിച്ചു.

രാഷ്ട്രീയ ലക്ഷ്യംവെച്ച് തന്നെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഫോണ്‍ വിവാദമെന്ന് ടി. സത്യന്‍ പറഞ്ഞു. പലപ്പോഴായി സംസാരിച്ചത് വെട്ടിയൊട്ടിച്ചതുപോലെ ഉപയോഗപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളും പ്രചാരണങ്ങളും നിഷേധിക്കുന്നു. അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെതിരേ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടി. സത്യന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7