നാളെ പോളിങ് ബൂത്തില്‍ പോകുന്ന വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

വിധിയെഴുതാന്‍ നാളെ കേരളം പോളിങ് ബൂത്തിലേക്ക്. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാര്‍ അതില്‍ 1,34,66,521 പേര്‍ സ്ത്രീകള്‍, 1,26,84,839 പുരുഷന്മാര്‍,174 ട്രാന്‍സ്‌ജെന്ററുകള്‍. 2000ത്തിന് ശേഷം ജനിച്ചവര്‍ ആദ്യമായി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പ്. എല്ലാ ബൂത്തുകളിലും വിവിപാറ്റുകള്‍ വരുന്ന ആദ്യ തെരഞ്ഞെടുപ്പ്. ഇവിഎമ്മുകളെ പറ്റിയും വിവിപാറ്റുകളെ പറ്റിയും അറിയേണ്ടതെല്ലാം.

രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കും.

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറക്കരുത് ( ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് (ഒറിജിനല്‍), ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലൊന്ന് കയ്യില്‍ കരുതണം )

മൂന്ന് പോളിംഗ് ഓഫീസരും ഒരു പ്രിസൈഡിംഗ് ഓഫീസറുമായിരിക്കും പോളിംഗ് ബൂത്തിലുണ്ടാകുക

ഒന്നാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ തിരച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റും പരിശോധിച്ച്
ഉറപ്പ് വരുത്തും. എന്നിട്ട് സ്ഥാനാര്‍ത്ഥികളുടെ പോളിംഗ് ഏജന്റുമാര്‍ കേള്‍ക്കെ വോട്ടറുടെ പേര് വിളിച്ച് പറയും

ആള്‍മാറാട്ടം നടത്തിയെന്ന് പോളിംഗ് ഏജന്റിന് സംശയം തോന്നിയാല്‍ വോട്ട് ചാലഞ്ച് ചെയ്യാന്‍ പോളിംഗ് ഏജന്റുമാര്‍ക്ക് ആകും

വോട്ട് ചാലഞ്ച് ചെയ്തില്ലെങ്കില്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടത് ചൂണ്ടു വിരലില്‍ മഷി പുരട്ടും. ഒപ്പം രജിസ്റ്റില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തും. അതിന് ശേഷം ക്രമനമ്പര്‍ രേഖപ്പെടുത്തിയ വോട്ടേഴ്‌സ് സ്ലിപ്പും നല്‍കും.

വോട്ടേഴ്‌സ് സ്ലിപ്പുമായി വോട്ടര്‍ മൂന്നാം പോളിംഗ് ഓഫീസറുടെ അടുത്തേക്ക് നീങ്ങും. വോട്ടേഴ്‌സ് സ്ലിപ്പ് സ്വീകരിക്കുന്ന മൂന്നാം ഓഫീസര്‍ ഇവിഎമ്മിന്റെ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ഒരു നീണ്ട ബിപ്പ് ശബ്ദം കേള്‍ക്കാം.

വോട്ടിംഗ് കംപാര്‍ട്ടമെന്റിനകത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവുമാണ് ഉണ്ടാവുക. ഒരു ഇവിഎമ്മില്‍ 16 സ്ഥാനാര്‍ത്ഥികളെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാകൂ നിങ്ങളുടെ മണ്ഡലത്തില്‍ 16ല്‍ കൂടുതല്‍ സ്ഥാനാത്ഥികളുണ്ടെങ്കില്‍ രണ്ട് ഇവിഎമ്മുകളും രണ്ട് വിവിപാറ്റുകളും ഉണ്ടാകും. കേരളത്തില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട് മണ്ഡലങ്ങളില്‍ പതിനാറിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.

ബാലറ്റ് യൂണിറ്റിന്റെ ഇടത് ഭാഗത്തായി പച്ച ലൈറ്റ് തെളിഞ്ഞിരിക്കുന്നുണ്ടാകും. വോട്ട് സ്വീകരിക്കാന്‍ യന്ത്രം തയ്യാറാണ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

സ്ഥാനാര്‍ത്ഥിയുടെ പേരും, ചിഹ്നവും, ചിത്രവും ബാലറ്റ് യൂണിറ്റിലുണ്ടാകും. സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ വോട്ട് രേഖപ്പെടുത്തും.

നീല ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ പച്ച ലൈറ്റ് മാറി ചുവന്ന ലൈറ്റ് കത്തും. ഒരു ബീപ് ശബ്ദവും കേള്‍ക്കാം. ഒരു തവണ മാത്രമേ ബട്ടണ്‍ അമര്‍ത്തേണ്ടതുള്ളൂ. അത് കഴിഞ്ഞാല്‍ ബാലറ്റ് യൂണിറ്റ് ലോക്ക് ആകും. ബീപ്പ് ശബ്ദം കേട്ടില്ലെങ്കിലോ ചുവന്ന ലൈറ്റ് കത്താതിരിക്കുകയോ ചെയ്താല്‍ ഉടന്‍ പോളിംഗ് ഓഫീസറുടെ സഹായം തേടുക.

വോട്ടര്‍ ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ഏഴ് സെക്കന്റ് സമയമാണ് ലഭിക്കുക. രസീതുകള്‍ പോളിങ് ബൂത്തുകള്‍ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ആകില്ല. ഏഴ് സെക്കന്റിന് ശേഷം രസീതുകള്‍ വിവിപാറ്റ് മെഷീനിന്റെ അടിഭാഗത്തെ പെട്ടിയിലേക്ക് വീഴും. തുടര്‍ന്ന് ഒരു ബീപ് ശബ്ദം മെഷീനില്‍ നിന്ന് കേള്‍ക്കും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു എന്നര്‍ത്ഥം.

വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പല്ല വിവിപാറ്റില്‍ നിന്ന് അച്ചടിച്ചതെങ്കില്‍ പോളിംഗ് ഓഫീസറുടെ സഹായം തേടുക.

വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ് .എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ ഇവിഎം കണ്‍ട്രോള്‍ യൂണിറ്റിലെ ക്ലോസ് ബട്ടണ്‍ അമര്‍ത്ത് പോളിംഗ് ഓഫീസര്‍ വോട്ടെടുപ്പ് അവസാനിപ്പിക്കും.

Similar Articles

Comments

Advertismentspot_img

Most Popular