കൊട്ടിക്കലാശത്തിനിടെ വടകരയില്‍ കനത്ത സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്; നിരോധനാജ്ഞ പ്രഖ്യാപിച്ചു

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ സംഘര്‍ഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ തുടങ്ങിയ വാക്കേറ്റവും ഉന്തും തള്ളും രൂക്ഷമായ സംഘര്‍ഷമായി മാറുകയായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ കേന്ദ്ര സേന ഇരുവിഭാഗത്തിനും മധ്യത്തില്‍ നിലയുറപ്പിച്ചെങ്കിലും ആവേശഭരിതരായ പ്രവര്‍ത്തരെ നിയന്ത്രിക്കാനായില്ല.

നിശ്ചയിച്ചുറപ്പിച്ച സ്ഥലപരിധി പ്രവര്‍ത്തകര്‍ മറികടന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇരുഭാഗത്തും എത്തിയതോടെ രംഗം വഷളായി. പ്രവര്‍ത്തകര്‍ പരസ്പരം കയ്യേറ്റം ചെയ്തു. രൂക്ഷമായ കല്ലേറില്‍ ഇരുവിഭാഗത്തെയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നിരവധി റൗണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൂടുതല്‍ കേന്ദ്രസേനയെ രംഗത്തിറക്കി രംഗം ശാന്തമാക്കാനുള്ള ശ്രമം തുടരുകയാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം ക്രിമിനല്‍ നടപടി ചട്ടം 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 23 ന് വൈകീട്ട് ആറ് മുതല്‍ 24 ന് രാത്രി 10 വരെയാണ് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ ജനങ്ങള്‍ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാന്‍ പാടില്ല. പൊതുപരിപാടികളും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍, ഫ്ളെയിങ് സ്‌ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വലന്‍സ് ടീമുകള്‍ എന്നിവര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular